ബംഗളൂരു: സർക്കാർ ആശുപത്രിയിൽ ചികിൽസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കേണ്ടിവന്ന ഗർഭിണിയും ഇരട്ടമക്കളും മരിച്ചു. തമിഴ്നാട്ടുകാരിയും ഒരുമാസം മുമ്പ് കർണാടകയിലെ തുമകുരുവിലെ ഭാരതി നഗറിലേക്ക് താമസം മാറുകയും ചെയ്ത 35കാരിയാണ് മരിച്ചത്. മൂത്ത മകളോടൊപ്പം താമസിച്ചിരുന്ന സ്ത്രീക്ക് പ്രസവവേദന വന്നതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ അയൽവാസിയായ സരോജമ്മയോടൊപ്പം ഇവർ തുമകുരു ജില്ലാ ആശുപത്രിയിൽ പോയിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ ഇവരോട് ആധാർ കാർഡും തായി (അമ്മ) കാർഡും കാണിക്കാൻ ആവശ്യപ്പെട്ടു. ഇവ സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലാ ആശുപത്രിയിൽ ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകാൻ ഇവരോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ ബംഗളൂരുവിൽ എത്താൻ പണം ഇല്ലാത്തതിനാൽ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ ഇവർ വീട്ടിൽ പ്രസവിച്ചു. ആദ്യ കുഞ്ഞ് പുറത്തുവന്നതിന് ശേഷം ആരോഗ്യസ്ഥിതി സങ്കീർണമാവുകയും രക്തസ്രാവം രൂക്ഷമാവുകയും ചെയ്തു. തുടർന്ന് കുഞ്ഞുങ്ങളും ഒപ്പം സ്ത്രീയും മരിക്കുകയായിരുന്നു. മൂത്ത പെൺകുട്ടി അമ്മയുടെ പ്രസവവേദന കണ്ടെങ്കിലും നിസഹായയായിരുന്നു.
ഓട്ടോറിക്ഷ കൂലി പോലും ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിൽ പോകാൻ പോലും സ്ത്രീ ആദ്യം വിസമ്മതിക്കുകയായിരുന്നു. എന്നാൽ അയൽവാസിയായ സരോജമ്മ പണം നൽകി നിർബന്ധിച്ചതോടെയാണ് ജില്ലാ ആശുപത്രിയിൽ ഇവർ എത്തുന്നത്. ദാരുണസംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതിനഗർ സ്വദേശികൾ ഡോ. വീണയെ തടഞ്ഞുവെച്ചിരുന്നു. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ ഹെൽത്ത് ഓഫിസർ ഡി.എൻ. മഞ്ജുനാഥ് പറഞ്ഞു. നഴ്സുമാരായ യശോദ, ദിവ്യഭാരതി, സവിത, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷ എന്നിവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജെ.ഡി.എസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.