കൊൽക്കത്ത: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിൽ അസ്വാഭാവിക നീക്കങ്ങൾ നടന്നതായി ആരോപിച്ച് കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. തങ്ങളുടെ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ തുറന്നതായാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. സെൻട്രൽ കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് പുറത്ത് മന്ത്രി ശശി പഞ്ചയുടെയും വക്താവ് കുനാൽ ഘോഷിന്റെയും നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നോർത്ത് കൊൽക്കത്തയിലെ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളും ടി.എം.സി പുറത്തുവിട്ടു. സീൽ ചെയ്ത സ്‌ട്രോങ് റൂമിനുള്ളിൽ ആളുകൾ നീങ്ങുന്നതും പിങ്ക് പേപ്പറുകളും ബാലറ്റ് പേപ്പറുകളും കൈകാര്യം ചെയ്യുന്നതും കണ്ടതായി ശശി പഞ്ച ആരോപിച്ചു. പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മുഖ്യമന്ത്രി മമത ബാനർജി സമരസ്ഥലം സന്ദർശിക്കുമെന്ന് പാർട്ടി അറിയിച്ചു.
അതേസമയം, തൃണമൂലിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ബി.ജെ.പി നേതാവ് തപസ് റോയ് പ്രതികരിച്ചു. തോൽവി ഭയന്ന് തൃണമൂൽ കള്ളം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സ്‌ട്രോങ് റൂമുകളും സുരക്ഷിതമായി മുദ്രവെച്ചിട്ടുണ്ടെന്നും പോസ്റ്റൽ ബാലറ്റുകൾക്കായി പ്രത്യേകം സ്‌ട്രോങ് റൂം സജ്ജമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി ഓഫീസിൽ നിർമിച്ചതാണെന്നും തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനായി അക്കങ്ങൾ കെട്ടിച്ചമച്ചതാണെന്നും മമത കുറ്റപ്പെടുത്തി. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി തകർപ്പൻ വിജയം കൈവരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി അവസാന കളി പുറത്തെടുത്തതായും, യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിരുന്നെങ്കിൽ ഓഹരി വിപണി തകർന്നടിയുമായിരുന്നുവെന്നും മമത പറഞ്ഞു. തന്റെ മണ്ഡലമായ ഭവാനിപൂരിൽ രാത്രി മുഴുവൻ റെയ്ഡുകൾ നടന്നതായി ആരോപിച്ച അവർ, വോട്ടെണ്ണൽ സമയത്ത് യാതൊരുവിധ അട്ടിമറികളും അനുവദിക്കില്ലെന്നും വ്യക്തമാക്കി. പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് കാവൽ നിൽക്കാൻ താൻ നേരിട്ട് ഇറങ്ങുമെന്നും വിഡിയോ സന്ദേശത്തിലൂടെ മമത ബാനർജി അറിയിച്ചു. അട്ടിമറി തടയാൻ ഉറക്കമിളച്ച് കാവലിരിക്കാൻ മമതയുടെ ആഹ്വാനം. ഇ.വി.എം വെച്ചുമാറാനാണ് ബി.ജെ.പി പ്ലാൻ ചെയ്യുന്നതെന്നും, താൻ വാർത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തുന്നതുവരെ വോട്ടെണ്ണൽ ടേബിളിൽ നിന്ന് കണ്ണെടുക്കരുതെന്നും, ബംഗാളിനെ രക്ഷിക്കാൻ കുറച്ചുകൂടി കഷ്‍ടപ്പെടാനുണ്ടെന്നും അവർ അണികളെ ഓർമിപ്പിച്ചു. ഇ.വി.എം സ്ട്രോങ്‌റൂമിന് ജാഗ്രതയോടെ കാവൽ വേണമെന്ന് ബംഗാളിലെ മിക്ക രാഷ്‍ട്രീയ നേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.