ഐ.എസ്.ആർ.ഒയിലെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുമായി ബന്ധപ്പെട്ട ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി) ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിട്ട് സുപ്രീംകോടതി. 2010 സെപ്റ്റംബർ ഒമ്പതു മുതൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി നാല് ആഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുമ്പോൾ തന്നെ അവർക്ക് അർഹമായ പദവി നിഷേധിക്കുന്നത് അന്തസ്സിനും നീതിക്കും വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്ഥിര പദവി നൽകണമെന്ന മുൻ ഉത്തരവുകൾ പാലിക്കാത്തതിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച ബെഞ്ച് മാതൃകാ തൊഴിലുടമയായി പ്രവർത്തിക്കാനുള്ള ഭരണകൂടത്തിന്റെ ബാധ്യത ഓർമിപ്പിച്ചു.

പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് പകരം, അവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന തരത്തിൽ പുതിയ പദ്ധതികൾ കൊണ്ടുവന്ന സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളിൽ ഉന്നത ശാസ്ത്രജ്ഞർക്കൊപ്പം തന്നെ താഴേത്തട്ടിലുള്ള തൊഴിലാളികളുടെ അധ്വാനവും വിലമതിക്കാനാവാത്തതാണെന്നും ഒരു മിഷന്റെ വിജയം ഉയർന്ന എൻജിനീയറിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് തൊഴിലാളികൾ ഉൾപ്പെടെയുള്ള ഒരു വലിയ ചങ്ങലയുടെ ഫലമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മഹേന്ദ്രഗിരി ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും മാറ്റുന്നതിനുമായി 1991നും 1997നും ഇടയിൽ നിയമിക്കപ്പെട്ട ദിവസവേതനക്കാരാണ് തൊഴിൽ സ്ഥരിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ഇവരെ സ്ഥിരപ്പെടുത്താനായി പ്രത്യേക നിയമങ്ങൾ നിർമിക്കണമെന്ന് 2010ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഇതു മറികടക്കാൻ ‘ഗാങ് ലേബറേഴ്സ് സ്കീം 2012’ കൊണ്ടുവരുകയാണ് സർക്കാർ ചെയ്തത്.

Tags:    
News Summary - Supreme Court orders regularization of daily wage earners in ISRO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.