ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ, ഐ-പാക് സഹസ്ഥാപകനും ഡയറക്ടറുമായ വിനേഷ് ചന്ദലിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി. ബുധനാഴ്ച ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വ്യാഴാഴ്ചയാണ് കോടതി വിധി. കേസിൽ എൻഫഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജാമ്യാപേക്ഷയെ എതിർത്തില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ബംഗാൾ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ഏപ്രിൽ 13ന് വിനേഷ് ചന്ദലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാൽ, വോട്ടെടുപ്പ് അവസാനിച്ചതിന്റെ പിറ്റേദിവസംതന്നെ കേസിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ ഇ.ഡി മുന്നോട്ടുവെക്കാറുള്ള കർശനമായ 'ഇരട്ട ഉപാധികൾ' ഇത്തവണ ചന്ദലിന്റെ കാര്യത്തിൽ ഉണ്ടായില്ല. ചില നിബന്ധനകളോടെ അഡീഷണൽ സെഷൻസ് ജഡ്ജി അമിത് ബൻസാൽ ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏജൻസി മേധാവിയെ അറസ്റ്റ് ചെയ്തത് പ്രചാരണം തകർക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ വാദം.
ജനുവരിയിൽ കൊൽക്കത്ത സാൾട്ട് ലേക്കിലെ ഐ-പാക് ഓഫിസിൽ ഇ.ഡി നടത്തിയ റെയ്ഡാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൽക്കരി കടത്തുമായി ബന്ധപ്പെട്ട് ഏകദേശം 50 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഐ-പാക് വഴി നടന്നതായാണ് ഇ.ഡിയുടെ ആരോപണം. കഴിഞ്ഞ മാസം 14ന് ചന്ദലിനെ 10 ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.