ശ്രീനഗർ: ജമ്മു-കശ്മീരിന്റെ തലസ്ഥാന നഗരങ്ങളായ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിച്ചുകൊണ്ട് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഭാവിയിൽ കശ്മീർ താഴ്വരയിലെ നഗരങ്ങളായ പൂഞ്ച്, രജൗറി, ഉറി ഉൾപ്പെടെ പ്രദേശങ്ങളിലേക്ക് റെയിൽ യാത്ര സാധ്യമാകുന്നതിന്റെ തുടക്കമാണ് ജമ്മു-ശ്രീനഗർ വന്ദേഭാരത് എന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരും പങ്കെടുത്തു. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് നേരിട്ട് വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ഇരട്ട തലസ്ഥാന നഗരികൾക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയും. ഇതോടൊപ്പം വിനോദസഞ്ചാര മേഖലക്കും ചരക്കു നീക്കത്തിനും ഉണർവായി മാറും.
കത്ര-ശ്രീനഗർ ട്രെയിൻ സർവിസ് കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റിടങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കുകയെന്ന ചരിത്ര പദ്ധതിക്ക് 1990കളിലാണ് കേന്ദ്രം തുടക്കം കുറിച്ചത്. പൂഞ്ച്-രജൗറി, ഉറി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മൈനസ് 10 ഡിഗ്രി വരെയുള്ള കാലാവസ്ഥയിലും ഓടാൻ സാധിക്കുന്നതാണ് ജമ്മു-ശ്രീനഗർ വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.