പുനെയില്‍ കോവിഡ് ബാധിച്ച വീട്ടമ്മ ജീവനൊടുക്കി; ആശുപത്രി കിടക്ക നിഷേധിച്ചെന്ന് ഭർത്താവിന്‍റെ പരാതി

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ് ബാധിതയായ 42കാരിയായ വീട്ടമ്മ ജീവനൊടുക്കി. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാന്‍ വാര്‍ജെ മാല്‍വാടി പ്രദേശത്തെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടർന്നാണ്​ ഇതെന്ന്​ ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കോവിഡ് ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നാണ്​ ആശുപത്രി അധികൃതർ പറയുന്നത്​. ആശുപത്രി അധികൃതർ കിടക്ക നിഷേധിച്ചെന്ന ഭർത്താവ്​ നൽകിയ പരാതിയിൽ ഇല്ലെന്ന്​ പൊലീസും വ്യക്​തമാക്കി.

ഏപ്രില്‍ രണ്ട് മുതല്‍ ഭാര്യക്ക് കോവിഡിന്‍റെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്ന്​ ഭര്‍ത്താവ് പറയുന്നു. ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് ട്ടിന് പുനെയിലെ വാര്‍ജെ മാല്‍വാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തെ ചികിത്സക്ക്​ ശേഷം ഏപ്രില്‍ 11ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ക്ഷീണമുള്ളതിനാൽ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഭര്‍ത്താവിന്‍റെ പരാതിയിലുള്ളത്​. അന്ന്​ രാത്രി ഇവർക്ക്​ ക്ഷീണം കൂടുതലായി.

പിറ്റേന്ന്​ രാവിലെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടര്‍ സിടി സ്​കാനിനായി പുനെയില്‍ തന്നെയുള്ള ആശുപത്രിയുടെ പ്രധാന ശാഖയിലേക്ക് റഫര്‍ ചെയ്തു. സ്​കാനിങിന്​ ശേഷം ഇവരെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും കിടക്കകള്‍ ഇല്ലെന്ന കാരണം പറഞ്ഞ്​ ആശുപത്രി അധികൃതർ തിരിച്ചയക്കുകയായിരുന്നു. ഇതിന്‍റെ പിറ്റേ ദിവസമാണ് ഇവരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ഭാര്യക്ക് ആശുപത്രിയില്‍ കിടക്ക നിഷേധിച്ചതായി ഭര്‍ത്താവ് പരാമര്‍ശിച്ചിട്ടില്ലെന്ന് വർജെ മാൽവാഡി പൊലീസ്​ സ്​റ്റേഷനിലെ എസ്​.​െഎ ശങ്കർ ഖട്​കെ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ചികിത്സയിലുള്ളപ്പോൾ ഇവർ ശ്വാസതടസ്സത്തെ കുറിച്ച്​ പറഞ്ഞിരുന്നില്ല. രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്​. മറ്റ് കോവിഡ് രോഗികള്‍ക്ക് ബെഡ് ആവശ്യമായിരുന്നതിനാലാണ്​ രോഗം ഭേദമായ ഇവരെ പറഞ്ഞയച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    
News Summary - Denied hospital bed, Covid patient in Pune dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.