‘ബിൽ പാസായാൽ ജനാധിപത്യത്തിന്‍റെ അന്ത്യം, ഒ.ബി.സി വിഭാഗങ്ങളോട് കടുത്ത അനീതി’; വനിത സംവരണ ബില്ലിൽ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. കോൺഗ്രസ് വനിത സംവരണത്തിനൊപ്പമാണെന്നും എന്നാൽ, നിലവിൽ അവതരിപ്പിച്ച ബിൽ പാസാകുകയാണെങ്കിൽ അത് ജനാധിപത്യത്തിന്‍റെ അവസാനമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിൻമേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

സത്യത്തിൽ ഈ നിയമനിർമാണത്തിന് വനിതകളുമായി യാതൊരു ബന്ധവുമില്ല. ഈ ബില്ലുകൾ അവതരിപ്പിക്കുന്നതിലൂടെ കേന്ദ്രം മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) അവകാശങ്ങൾ എടുത്തുകളയാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. ‘ജാതി സെൻസസ് നടത്താതെ 2011 സെൻസസ് കണക്കുകളിൽ ഉറച്ചുനിന്ന് ഒ.ബി.സികളുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ബിൽ പാസായാൽ രാജ്യത്ത് ജനാധിപത്യം അവസാനിക്കും’ -പ്രിയങ്ക പറഞ്ഞു.

ബിൽ കൊണ്ടുവന്ന രീതിയിലും നടപ്പാക്കുന്നതിലും അവർ വലിയ ആശങ്ക രേഖപ്പെടുത്തി. 2011 സെൻസസിന്‍റെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ഉചിതമായ നടപടിയല്ല. ഇത്തരം ഒരു വലിയ പരിഷ്കാരത്തിന് ശക്തവും പുതിയതുമായ ഡാറ്റ ആവശ്യമാണ്. എന്നാൽ, പുതിയ സെൻസസിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണ്, കാരണം അത് ഒ.ബി.സി വിഭാഗങ്ങളുടെ യഥാർഥ കണക്കുകൾ വെളിപ്പെടുത്തും. പഴയ കണക്കിന്‍റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിനു സമ്മർദം ചെലുത്തുന്നതിലൂടെ സർക്കാർ ഒ.ബി.സികളുടെ അവകാശങ്ങൾ എടുത്തുകളയാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ശ്രമിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അസ്സമിൽ മണ്ഡല പുനർനിർണയത്തിന്‍റെ ഭാഗമായി അതിർത്തികൾ ഏകപക്ഷീയമായി നിർണയിക്കപ്പെട്ടതും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചുകൊണ്ട്, പുരാതന തന്ത്രജ്ഞനായ ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇത് കണ്ട് അദ്ദേഹം അത്ഭുതപ്പെടുമായിരുന്നുവെന്നും പറഞ്ഞു. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും പ്രിയങ്ക ചോദിച്ചു. സ്ത്രീ സംവരണം പോലെ ഒരു നിർണായക വിഷയത്തെ ബി.ജെ.പി അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയെന്നും അവർ ആരോപിച്ചു.

അതേസമയം, വനിതാസംവരണബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അവകാശപ്പെട്ടത്. കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും ഒരു സംസ്ഥാനത്തിനും ഒരു അനീതിയും സംഭവിക്കില്ല. ഞാൻ ഗ്യാരണ്ടിയാണ്. വലിയ സംസ്ഥാനം, ചെറിയ സംസ്ഥാനങ്ങള്‍ എന്ന ഭേദമില്ല, ഒരു സംസ്ഥാനത്തോടും ന്യായമല്ലാത്ത ഒരു കാര്യവും ചെയ്യില്ല. ഈ സുപ്രധാന അവസരം എംപിമാർ പാഴാക്കരുത് -മോദി പറഞ്ഞു.

‘ഇത് ചരിത്രനിമിഷമാണ്. ഭരണം മെച്ചപ്പെടുത്താനുള്ള സത്യസന്ധമായി ശ്രമമാണിത്. ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുത്. 2024ൽ പ്രതിപക്ഷം വനിത സംവരണ ബില്ലിന് പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ പരസ്യമായി എതിർക്കുന്നു. രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല. അധികാരത്തിൽ തങ്ങളുടെ പങ്ക് വനിതകൾ ആവശ്യപ്പെടുന്നു. 30 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വനിതാ നേതാക്കൾ ഉയർന്നുവരും. എല്ലാ വിഭാഗത്തിന്റെയും ഉന്നമനമാണ് കേന്ദ്ര ലക്ഷ്യം. സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നത്. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ വനിതകൾ നിരീക്ഷിക്കുന്നുണ്ട്’ - മോദി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനിടെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്സഭ സ്പീക്കറും അറിയിച്ചു.

Tags:    
News Summary - Democracy Over If This Is Passed -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.