എൻ.വി രമണ

ജനാധിപത്യമാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യം, ഏകാധിപത്യ ഭരണത്തിൽ അതിജീവിക്കില്ല -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യയെ പോലെ വൈജാത്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന് ജനാധിപത്യമാണ് ഏറ്റവും അനുയോജ്യമെന്നും അതിന്റെ സമ്പന്നമായ വൈവിധ്യം ഏകാധിപത്യ ഭരണത്തിൽ അതിജീവിക്കില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഇത് നമ്മുടെ പരിചയത്തിൽ നിന്ന് സംശയലേശമന്യേ തെളിഞ്ഞതാണെന്നും, സി.ബി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന, 19-ാമത് ഡി.പി. കോഹ്‍ലി സ്മാരക പ്രഭാഷണത്തിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

''ഏകാധിപത്യ ഭരണത്തിൽ നാം അതിജീവിക്കില്ല. നമ്മുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ബഹുസ്വരതയും ജനാധിപത്യത്തിലൂടെ മാത്രമെ നിലനിൽക്കുകയും ശക്തിപ്പെടുകയും ചെയ്യൂ'' - 'ജനാധിപത്യത്തിൽ അന്വേഷണ ഏജൻസികളുടെ പങ്കും ഉത്തരവാദിത്തവും' എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം വിലയിരുത്തി.

ഇന്ത്യക്കാർ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നു. ആ സ്വാതന്ത്ര്യം തട്ടിയെടുക്കാൻ ഉണ്ടാവുന്ന ഏതൊരു ശ്രമവും ജാഗ്രത്തായ നമ്മുടെ പൗരൻമാർ ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഏകാധിപത്യ രീതികൾ നുഴഞ്ഞുകയറാതിരിക്കാൻ അന്വേഷണ ഏജൻസികൾ ശ്രദ്ധിക്കണം. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ ചട്ടക്കൂടിൽ വേണം അന്വേഷണ ഏജൻസികൾ പ്രവർത്തിക്കാൻ'' -രമണ പറഞ്ഞു.

സി.ബി.ഐയുടെ വിശ്വാസ്യത ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന സമയമാണിതെന്നും ചില കേസുകളിൽ അതിന്റെ പ്രവർത്തനവും നിർജീവതയും നിരവധി സംശയങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ''ആദ്യ കാലത്ത് ഏറ്റവും കൂടുതൽ പൊതുജന വിശ്വാസ്യത ഉണ്ടായിരുന്ന ഏജൻസിയായിരുന്നു സി.ബി.ഐ. കാലം പിന്നിടവേ അതിന്റെ പല പ്രവർത്തനങ്ങൾക്കെതിരെയും ചോദ്യങ്ങൾ ഉയർന്നു.'' -രമണ തുറന്നടിച്ചു.

സി.ബി.ഐ, ഇ.ഡി, എസ്.എഫ്.ഐ.ഒ തുടങ്ങിയ ഉന്നത അന്വേഷണ ഏജൻസികളെ സ്വതന്ത്രമായ ഒരു സ്ഥാപനത്തിനു കീഴിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങളും അതിക്രമവും നിഷ്പക്ഷതയില്ലായ്മയും രാഷ്ട്രീയ കൂട്ടുകെട്ടും കാരണം പൊലീസിന്റെ മുഖം ഖേദകരമാം വിധം മോശമായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

''തങ്ങളുടെ വിഷമഘട്ടത്തിൽ പൊലീസിനെ സമീപിക്കാൻ ജനം മടിക്കുന്ന അവസ്ഥയുണ്ട്. ഭരണമാറ്റത്തെ തുടർന്ന് തങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന പരാതിയുമായി പല പൊലീസ് ഉദ്യോഗസ്ഥരും കോടതികൾക്കു മുമ്പാകെയെത്തുന്നുണ്ട്. അധികാര കേന്ദ്രങ്ങളോട് ചങ്ങാത്തം പുലർത്തു​മ്പോൾ അതിന്റെ പ്രത്യാഘാതങ്ങളും നിങ്ങൾ നേരിടേണ്ടി വരും.'' -രമണ കുറ്റപ്പെടുത്തി.

Tags:    
News Summary - Democracy is best for India, it will not survive dictatorship: Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.