ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം, വാഹനങ്ങളുടെ കാഴ്ച മറച്ച് പുകമഞ്ഞ്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കനത്ത പുക മഞ്ഞ്. ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ദേശീയ തലസ്ഥാനത്ത് കട്ടിപുകയോടു കൂടിയ കനത്ത മഞ്ഞാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്.

രാവിലെ 6.30ന് ഓവർആൾ എയർ ക്വാളിറ്റി ഇൻഡക്സ് 251 ആണ് രേഖപ്പെടുത്തിയതെന്ന് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് പറയുന്നു. അക്ഷർധാം ക്ഷേത്രത്തിനു സമീപത്തു നിന്നുള്ള ദൃശ്യങ്ങളിൽ പുക മഞ്ഞുമൂലം വാഹനങ്ങൾക്ക് കാഴ്ച മറഞ്ഞ അവസ്ഥയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകീട്ട് വായു മലിനീകരണ തോത് 266 ആണ് രേഖപ്പെടുത്തിയത്. ഡൽഹി സർവകലാശാല മേഖലയിൽ ഇത് 327 ആയിരുന്നു.

വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപന, പടക്കം പൊട്ടിക്കൽ എന്നിവ ദീപാവലി സമയത്ത് ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിച്ചേക്കാം.

പൂജ്യത്തിനും 50 നും ഇടയിലാണ് മലിനീകരണ തോതെങ്കിൽ ആണ് നല്ല വായു എന്ന് പറയാവുന്നത്. 50നും 100നും ഇടയിൽ തൃപ്തികരവും 101 മുതൽ 200 വരെ മിതമായത്, 201 മുതൽ 300 വരെ മോശം, 301 മുതൽ 400 വരെ ഏറ്റവും മോശം, 401 മുതൽ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരത്തെ തരംതിരിച്ചിരിക്കുന്നത്.

വായുമലിനീകരണത്തെ നേരിടാൻ സർക്കാർ 15 പോയിന്റുകളുള്ള വിന്റർ ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടു​ണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി ഇന്നലെ പറഞ്ഞിരുന്നു.

പൊടി മലിനീകരണം, മാലിന്യങ്ങൾ തുറന്ന് കത്തിക്കുക, പടക്കം പൊട്ടിക്കൽ എന്നിവ നിയന്ത്രിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റായ് പറഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 39 ശതമാനം മാത്രമാണ് പ്രാദേശികമായി ഉണ്ടാകുന്നതെന്നും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളിൽ നിന്നുണ്ടാകുന്നതാണെന്നും മന്ത്രി ഒക്ടോബറിൽ പറഞ്ഞിരുന്നു.

വാഹനങൾ വഴിയുള്ള മലിനീകരണം കുറക്കുന്നതിനായി ഡൽഹി സർക്കാർ 'റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ്' കാമ്പയിൻ പ്രഖ്യാപിച്ചു. ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തുമ്പോൾ വാഹനങ്ങൾ ഓഫ് ചെയ്യാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതാണ് പദ്ധതി.

അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശൈത്യകാലത്ത് വൈക്കോൽ കത്തിക്കുന്നത് രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്.

Tags:    
News Summary - Delhi's Dreaded Smog Is Back, Air Quality "Poor" Day Before Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.