ന്യൂഡൽഹി: രാജ്യതലസ്ഥാനം ആരു ഭരിക്കണമെന്ന് ഡൽഹിയിലെ വോട്ടർമാർ ബുധനാഴ്ച വിധി എഴുതും. 70 അംഗ നിയമസഭയിലേക്ക് 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
തുടർച്ചയായ നാലാംതവണ അധികാരം ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടിയും ഏതു വിധേനയും അധികാരം പിടിക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങുമ്പോൾ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 20 മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വേട്ടെണ്ണൽ. 1.56 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1267 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
13,766 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി 733 ബൂത്തുകളും തയാറാക്കി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽനിന്നും വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. 7553 വോട്ടർമാരാണ് ഇതിനായി അപേക്ഷ നൽകിയത്. ഇവരിൽ 6980 പേർ വോട്ട് രേഖപ്പെടുത്തി.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി 62 സീറ്റിലും ബി.ജെ.പി എട്ടുസീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽപോലും വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.