ഡൽഹി വായു മലിനീകരണത്തിന് ആശ്വാസം; കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന്‍റെ തോത് വർധിച്ചു വരുന്നതിനാൽ ജനജീവിതം ദിനംപ്രതി ദുഷ്കരമാവുകയാണ്. ഈ സാഹചര്യത്തിൽ ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനായി ഈ വർഷം ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ നഗരത്തിൽ ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി.

തലസ്ഥാനത്തെ പുകമഞ്ഞ് നിറഞ്ഞ ശൈത്യകാലത്ത് മലിനീകരണ തോത് കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകം അംഗീകരിച്ച വിമാനം ഉപയോഗിച്ച് ഐ.ഐ.ടി കാൺപൂരാണ് ഇതിന് നേതൃത്വം നൽകുന്നത്. കാലാവസ്ഥ അനുയോജ്യമായാൽ സർക്കാർ പദ്ധതി ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.

'വിമാനങ്ങൾ സജ്ജമായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥയും ശാസ്ത്രീയ മാനദണ്ഡങ്ങളും അനുകൂലമായാലുടൻ, മലിനീകരണത്തിൽനിന്ന് മുക്തി നേടുന്നതിനായി ആദ്യമായി ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ നടത്തും - മന്ത്രി പറഞ്ഞു.

കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി സജ്ജീകരിക്കും.

അംഗീകൃത വിമാനമായ വി.ടി-ഐ.ഐ.ടി, സെസ്ന 206എച്ച്, ഡി.ജി.സി.എ എന്നിവയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപിപലാക്കുക. വിഷ്വൽ ഫ്ലൈറ്റ് നിയമങ്ങൾ (വി.എഫ്്.ആർ) പ്രകാരം മാത്രം പറക്കുക, എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ക്ലിയറൻസ് നേടുക, എയർമാൻമാർക്കുള്ള നോട്ടീസുകൾക്കായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഏകോപിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുക.

നിയന്ത്രിത മേഖലകളിലോ നിരോധിത മേഖലകളിലോ പ്രവേശിക്കാൻ വിമാനത്തിന് അനുവാദമില്ല, ആകാശ ഫോട്ടോഗ്രാഫി അനുവദിക്കില്ല, വിദേശ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തുകയുമില്ല. പൈലറ്റുമാർക്ക് സാധുവായ പ്രൊഫഷനൽ ലൈസൻസുകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം, സമാനമായ പ്രവർത്തനങ്ങളിൽ മുൻ പരിചയവും ഉണ്ടായിരിക്കണം എന്നിവയെല്ലാം മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

ഒക്ടോബർ, നവംബർ മാസങ്ങളെയാണ് അനുമതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കാലാവസ്ഥയുടെയും ശാസ്ത്രീയ വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും പരീക്ഷമങ്ങൾ നടത്തുന്നതെന്ന അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കാരണം പദ്ധതി മാറ്റിവെക്കുകയായിരുന്നു.

Tags:    
News Summary - Delhi to get first artificial rain in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.