ന്യൂഡൽഹി: നിർമാണം പൂർത്തിയായ ഡൽഹിയിലെ രണ്ട് പുതിയ മെട്രോ ഇടനാഴികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. മജ്‌ലിസ് പാർക്ക് മുതൽ മൗജ്പൂർ-ബാബർപൂർ വരെ നീളുന്ന പിങ്ക് ലൈൻ ഇടനാഴിയും ദീപാലി ചൗക്ക് മുതൽ മജ്‌ലിസ് പാർക്ക് വരെയുള്ള മജന്ത ലൈൻ ഇടനാഴിയുമാണ് ഇവ. ഇതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ 'റിങ് മെട്രോ'യായി ഡൽഹി മെട്രോ അറിയപ്പെടും.
18,300 കോടിയിലധികം രൂപ വകയിരുത്തിയ മെട്രോയുടെ അഞ്ചാം ഘട്ട പദ്ധതിക്ക് കീഴിലുള്ള മൂന്ന് പുതിയ ഇടനാഴികളുടെ തറക്കല്ലിടൽ ചടങ്ങും ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
എട്ട് എലവേറ്റഡ് സ്റ്റേഷനുകളോട് കൂടിയ മജ്‌ലിസ് പാർക്ക്-മൗജ്‌പൂർ-ബാബർപൂർ മെട്രോ സെക്ഷന് നിലവിൽ 12.3 കി.മീ നീളമുണ്ട്. പ്രവർത്തനക്ഷമമായ മജ്‌ലിസ് പാർക്ക്-ശിവ് വിഹാർ പിങ്ക് ലൈനിന്റെ ഭാഗമാണ് ഈ ഇടനാഴി. പുതിയ മെട്രോ സെക്ഷൻ കൂടി സമർപ്പിക്കപ്പെടുന്നതോടെ പിങ്ക് ലൈനിന്റെ ആകെ നീളം 71.56 കിലോമീറ്ററായി വർധിക്കും. ഇതോടെ പൂർണ 'റിങ് മെട്രോ' ആയി മാറും.
പ്രധാന നഗരസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയുള്ള സെൻട്രൽ വിസ്ത ഇടനാഴി, ഏറോസിറ്റി മുതൽ ഇന്ദിരാഗാന്ധി എയർപോർട്ട് ടെർമിനൽ-1 വരെയുള്ള ഗോൾഡൻ ലൈൻ എക്സ്റ്റൻഷൻ, തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെയുള്ള ഗോൾഡൻ ലൈൻ എക്സ്റ്റൻഷൻ എന്നീ ഇടനാഴികളുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.