ബലാത്സംഗക്കേസിലെ ഇരയെ കാണാൻ അനുവദിച്ചില്ല; ആശുപത്രി വരാന്തയിൽ കിടന്നുറങ്ങി വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: ഡൽഹിയിൽ ബലാത്സംഗത്തിരയായ പെൺകുട്ടിയെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ പൊലീസ് തടഞ്ഞു. ഡൽഹിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ച പതിനാറുകാരിയെ കാണാൻ തിങ്കളാഴ്ച രാത്രിയാണ് സ്വാതി മലിവാൾ ആശുപത്രിയിലെത്തിയത്.

ഇരയെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ആശുപത്രി വരാന്തയിൽ ഷീറ്റ് വിരിച്ച് നിലത്ത് കിടന്നുറങ്ങി വനിതാ കമ്മീഷൻ അധ്യക്ഷ പ്രതിഷേധിച്ചു. രാത്രി മുഴുവൻ ആശുപത്രിയിൽ കിടന്നുറങ്ങുന്ന മലിവാളിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

"പെൺകുട്ടിയെയോ അവളുടെ അമ്മയെയോ കാണാൻ അവർ എന്നെ അനുവദിക്കുന്നില്ല. എന്നിൽ നിന്ന് പൊലീസ് എന്താണ് മറയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പെൺകുട്ടിയുടെ അമ്മയെ കാണാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സനെ അനുവദിച്ചുവെന്നാണ് പറയുന്നത്. എന്നിട്ട് എന്തുകൊണ്ട് ഡി.സി.ഡബ്ല്യു മേധാവിയെ അതിന് അനുവദിക്കുന്നില്ല?"- സ്വാതി മലിവാൾ ചോദിച്ചു. 

മാസങ്ങളോളം പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയായത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രേമോദയ് ഖാഖ (51), ഭാര്യ സീമ റാണി (50) എന്നിവരെ തിങ്കളാഴ്ച ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഡൽഹി സർക്കാർ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു.

ഡൽഹി സർക്കാർ ജീവനക്കാരൻ കൂടിയായ പിതാവിന്റെ മരണത്തെത്തുടർന്ന് പെൺകുട്ടി 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ ബുരാരിയിൽ പ്രതിക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi rape: On ‘dharna’, DCW chief Swati Maliwal slept at hospital, accuses police of 'hooliganism'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.