ഡ​ൽ​ഹി വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ര​ണ്ടാ​ണ്ട്​; ജയിലിലും ഇരകളുടെ നെടുവീർപ്പുകൾ

ന്യൂഡൽഹി: 2020 ഫെബ്രുവരി 23ന് ഉച്ചയോട് അടുത്ത നേരത്തായിരുന്നു അത്. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് മാതൃകയിൽ സമരം ചെയ്യുകയായിരുന്ന സ്ത്രീകളുടെ സമരത്തിനെതിരെ സംഘ് പരിവാർ പ്രവർത്തകർ സംഘടിച്ച് വടക്കുകിഴക്കൻ ഡൽഹിയിലെത്തി.

സമരപ്പന്തലിൽനിന്ന് സ്ത്രീകളെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിന്‍റെ സാന്നിധ്യത്തിൽ നടത്തിയ പ്രകോപനം കല്ലേറിലേക്ക് വഴിമാറി. തുടർന്നങ്ങോട്ട് മൂന്ന് രാവും പകലും നീണ്ട വംശീയാതിക്രമത്തിന് ഡൽഹി നഗരം സാക്ഷിയായി. അക്രമങ്ങൾക്കിടയിൽ പൗരത്വ സമരത്തിന്‍റെ പന്തലുകൾ മുഴുവൻ പൊളിച്ചുനീക്കി. 1984ലെ സിഖ് കലാപത്തിന് ശേഷം ഡൽഹി സാക്ഷ്യം വഹിച്ച ഏറ്റവും ക്രൂരമായ വംശീയാതിക്രമമായിരുന്നു അത്. കലാപത്തിൽ 53 പേർക്ക് ജീവഹാനി സംഭവിച്ചു.

കേസുകളും കൗണ്ടർ കേസുകളും ഡൽഹി പൊലീസിന്‍റെ ഗൂഢാലോചന കേസുകളും അടക്കം 758 കേസുകളിൽ 695ഉം അന്വേഷിക്കുന്നത് വടക്കുകിഴക്കൻ ഡൽഹി പൊലീസാണ്.63 കേസുകൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചും മൂന്ന് കേസുകൾ ഡൽഹി പൊലീസിന്‍റെ തന്നെ എസ്.ഐ.ടിയും ആണ് അന്വേഷിക്കുന്നത്. ഇതിൽ കേവലം 92 കേസുകൾ മാത്രമാണ് വിചാരണ ഘട്ടത്തിലെത്തിയതെന്നാണ് ഡൽഹി പൊലീസ് ഹൈകോടതിയിൽ കഴിഞ്ഞ മാസം 27ന് കൊടുത്ത കണക്ക്. അതനുസരിച്ച് രണ്ടു വർഷമായി 367 കേസുകളിലാണ് കുറ്റപത്രങ്ങൾ സമർപ്പിച്ചത്. 387 കേസുകളിൽ അന്വേഷണം നടക്കുന്നേയുള്ളൂ.

നിരവധി പൗരത്വ സമര നേതാക്കളെ കലാപത്തിന് പിന്നിലെ വൻഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്തു. നിരപരാധികളായ നൂറുകണക്കിനാളുകളുടെ നെടുവീർപ്പുകളാണ് ഡൽഹിയിലെ ജയിലുകളിൽനിന്നുയരുന്നത്. കലാപക്കേസിലെ പ്രതികളും ആസൂത്രകരുമായാണ് ഇവർ കുറ്റപത്രങ്ങളിലുള്ളത്. അതിലും അനുബന്ധ കുറ്റപത്രം ഇനിയും സമർപ്പിക്കാനുണ്ടെന്നാണ് സ്പെഷൽ സെൽ ബോധിപ്പിച്ചത്. ഇതുമൂലം തടവുകാർക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. രണ്ടു വർഷം മുമ്പ് കലാപത്തിൽ കൊല്ലപ്പെട്ടവർ നൽകിയ പരാതികളിൽ പൊലീസുകാർ അടക്കമുള്ള പ്രതികൾക്കെതിരെ കേസെടുക്കാത്തതിന് ഈ ചൊവ്വാഴ്ചയും ഹൈകോടതിയുടെ രൂക്ഷ വിമർശനമാണ് ഡൽഹി പൊലീസ് ഏറ്റുവാങ്ങിയത്.കലാപത്തിന് തിരികൊളുത്തിയെന്ന് ആക്ഷേപമുയർന്ന മുതിർന്ന ബി.ജെ.പി നേതാക്കളുടെ ആഹ്വാനങ്ങൾക്കെതിരായ എഫ്.ഐ.ആറും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. അതിനായി സമർപ്പിച്ച ഹരജി ഹൈകോടതി രണ്ടു വർഷമായി തീർപ്പാക്കിയിട്ടുമില്ല.

Tags:    
News Summary - Delhi racist attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.