നിർബന്ധ മതപരിവർത്തന വാർത്ത പിൻവലിക്കാൻ ഹൈകോടതി നിർദേശം

ന്യൂഡൽഹി: മുസ്‍ലിം യുവാവ് നിർബന്ധ മതപരിവർത്തനം നടത്തിയെന്നാരോപിക്കുന്ന വാർത്തയുടെ ലിങ്ക് തടയാൻ സുദർശൻ ന്യൂസ് അടക്കമുള്ള ചാനലുകൾക്കും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കും ഡൽഹി ഹൈകോടതി നിർദേശം നൽകി.

നിർബന്ധ മതപരിവർത്തനം ആരോപിച്ച് ഡൽഹി സ്വദേശിനി നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ അടിസ്ഥാനമാക്കി നൽകിയ വാർത്തകൾ നീക്കംചെയ്യണമെന്ന അസ്മത് അലി ഖാൻ എന്നയാളുടെ ഹരജിയിലാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ ബെഞ്ച് ഉത്തരവ്.

യുവതിയുടെ പരാതിയിൽ തനിക്കെതിരായ ആരോപണങ്ങൾ ഡൽഹി പൊലീസ് അന്വേഷിക്കുകയാണെന്നും വീഡിയോ പ്രചരിക്കുന്നത് സ്വതന്ത്ര അന്വേഷണത്തിനും തന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നുമുള്ള ഖാന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

വാർത്താ റിപ്പോർട്ടുകളുടെ ലിങ്കുകൾ അടങ്ങിയ മെയ് 9 ന് ഖാൻ അയച്ച ഇമെയിൽ പരിശോധിക്കുമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. വിഷയത്തിന്റെ സ്വഭാവം പരിഗണിച്ച് യുട്യൂബ്, ഗൂഗിൾ, ട്വിറ്റർ, സുദർശൻ ടിവി, ഒറീസ്സ ടിവി, ഭാരത് പ്രകാശൻ, സുരേഷ് ചവാങ്കെ എന്നിവരുൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.

വിഷയത്തിൽ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് കോടതി നോട്ടീസ് അയച്ചു. വിധിയെ കുറിച്ച് പരാതിക്കാരിയെ അറിയിക്കാൻ ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് പ്രതിഭ സിംഗ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Delhi High Court Orders Sudarshan News, Social Media Platforms To Remove News Reports Accusing Muslim Man Of Forced Religious Conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.