ഉമർ ഖാലിദ്

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് ഹൈകോടതി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന വിദ്യർഥി നേതാവ് ഉമർ ഖാലിദ് നൽകിയ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് ഹൈകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

തടങ്കൽ നീണ്ടുപോകുന്നതും വിചാരണ വൈകുന്നതുമായ സാഹചര്യങ്ങളിൽ യു.എ.പി.എ നിയമപ്രകാരമുള്ള കർശന ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉമർ ഖാലിദ് ഇടക്കാല ജാമ്യം തേടിയത്. ഇത് സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഡൽഹി പൊലീസിന് കോടതി നിർദ്ദേശം നൽകി. തുടർന്ന് ഉമർ ഖാലിദിന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. സമാനമായ കേസിൽ ശർജീൽ ഇമാമിന്റെ അപ്പീലിനൊപ്പം കേസ് ആഗസ്റ്റ് 27ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു. എൻ​.ഐ.എ നിയമത്തിലെ സെക്ഷൻ 21 പ്രകാരമാണ് ഈ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.

യു.എ.പി.എ. കേസുകളിൽ ജാമ്യം നൽകുന്നത് സംബന്ധിച്ച നിയമപ്രശ്നം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിട്ടുള്ളതിനാൽ, ആ തീരുമാനം വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഉമർ ഖാലിദിനായി ഹാജരായ സീനിയർ അഭിഭാഷകൻ ത്രിദീപ് പൈസ് കോടതിയിൽ വാദിച്ചു. മുഖ്യ അപ്പീലിലും ഇടക്കാല ജാമ്യാപേക്ഷയിലും കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ, ഗുൽഫിഷ ഫാത്തിമ കേസിലെ വിധി സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നതിനാൽ ഈ ഘട്ടത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി ജൂലൈ 4-നാണ് വിചാരണക്കോടതി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ഈ ഉത്തരവാണ് ഇപ്പോൾ ഹൈകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷിക്കുന്ന കേസിൽ ഐ.പി.സി, യു.എ.പി.എ. വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. 

Tags:    
News Summary - ഡൽഹി കലാപ ഗൂഢാലോചന കേസ്| ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് ഹൈകോടതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.