പാർലമെന്റ് പുകയാക്രമണം: രണ്ട് പ്രതികൾക്ക് ജാമ്യം

ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണ കേസിൽ പ്രതികളിൽ രണ്ടുപേർക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. നീലം ആസാദ്, മഹേഷ് കുമാവത് എന്നിവർക്കാണ് 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിലും ജാമ്യം ലഭിച്ചത്. പ്രതികൾ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടരുതെന്നും കോടതി നിർദേശിച്ചു.

2023ൽ ശീതകാല സമ്മേളനം നടക്കെ ഡിസംബർ 13നാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിൽനിന്ന് സാഗർ ശർമ, മനോരഞ്ജൻ എന്നിവർ സഭാഹാളിലേക്ക് ചാടിയിറങ്ങിയത്. ഒരു മേശയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിക്കയറിയ ഇവർ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഷൂവിനുള്ളിൽ കരുതിയ കളർ സ്പ്രേ പ്രയോഗിച്ചു. ഇതോടെ ലോക്സഭക്കുള്ളിൽ മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞു.

ആ സമയത്ത് നീലം ആസാദ് കേസിലെ പ്രതിയായ അമോൽ ഷിൻഡെക്കൊപ്പം പാർലമെന്റ് മന്ദിരത്തിന് പുറത്ത് സമാനരീതിയിൽ കളർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. കേസിൽ മുഖ്യപ്രതി ലളിത് ഝായോടൊപ്പം ഗൂഢാലോചന കേസിലാണ് മഹേഷ് കുമാവത് പിന്നീട് അറസ്റ്റിലായത്.

2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷികത്തിലാണ് സുരക്ഷാ വീഴ്ച നടന്നത്. ബി.ജെ.പി മൈസൂർ എം.പി പ്രതാപ് സിംഹയുടെ അതിഥിയായി സന്ദർശക ഗാലറിയിൽ എത്തിയ ആളായിരുന്നു സാഗർ ശർമ.

Tags:    
News Summary - Delhi High Court Grants Bail To Two Accused In 2023 Parliament Security Breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.