ന്യൂഡൽഹി: മുസ്ലിംകളെ മാത്രം വിവേചനത്തോടെ മാറ്റി നിർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ഉമർ ഖാലിദ് അടക്കമുള്ള വിദ്യാർഥി -യുവജന നേതാക്കൾക്ക് ജാമ്യം നൽകാതിരിക്കാൻ ഹൈകോടതി നിരത്തിയത് വിചിത്ര ന്യായം. അതാകട്ടെ മനീഷ് സിസോദിയ, അരവിന്ദ് കെജ്രിവാൾ എന്നിവരുടെ ജാമ്യാപേക്ഷകളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൾക്ക് വിരുദ്ധവുമായി. ഇതേ തുടർന്ന് ഹൈകോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തുവന്നു.
വിചാരണക്ക് സ്വാഭാവിക വേഗം മതിയെന്നും ധൃതി പിടിച്ച വിചാരണ പ്രതികൾക്കും ഭരണകൂടത്തിനും ഹാനികരമാകുമെന്നുമുള്ള വിചിത്ര ന്യായമാണ് പൗരത്വ സമര നേതാക്കളുടെ ജാമ്യാപേക്ഷ തള്ളാനും വിചാരണ കഴിയും വരെ അവരെ ജയിലിൽ തന്നെ കിടത്താനും ഡൽഹി ഹൈകോടതി കണ്ടെത്തിയത്. വിചാരണ നീളുന്നത് പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനുള്ള ന്യായമല്ലെന്ന് അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ഹേമന്ത് സോറനും ജാമ്യം നൽകിയ വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അതിന് നേർ വിപരീതമാണ് ഹൈകോടതി സ്വീകരിച്ച നിലപാട്.
വിചാരണ തടവുകാർക്ക് നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യം
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട വിദ്യാർഥി നേതാക്കൾക്കും ആക്റ്റിവിസ്റ്റുകൾക്കും ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി വിധി നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി. വിചാരണയില്ലാതെ ജയിലിൽ കഴിയുന്നവർക്ക് നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷൻ മാലിക് മുഅ്തസിം ഖാൻ പറഞ്ഞു. പൗരത്വ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിദ്യാർഥി നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് അസ്വസ്ഥയുണ്ടാക്കുന്നതാണ്. കലാപത്തിന്റെ യഥാർഥ പ്രതികൾ ജയിലിന് പുറത്താണ്. സമാധാനപരമായി പ്രതിഷേധിച്ചവർ ജയിലിൽ കിടക്കുന്നു. ഇത് നീതിയല്ല. വിഷയം അടിയന്തരമായി കേൾക്കാനും കാലതാമസമില്ലാതെ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും സുപ്രീംകോടതിയോട് അഭ്യർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.