ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിനെതിരായ കേസ് അവസാനിപ്പിച്ച് ഹൈകോടതി. ഹംദർദിന്റെ റൂഹ് അഫ്സക്കെതിരെ ഇനിയൊരു പരാമർശവും നടത്തില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രാംദേവിനെതിരായ കേസ് ഡൽഹി ഹൈകോടതി താൽക്കാലികമായി അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഈ സത്യവാങ്മൂലത്തിൽ കമ്പനിക്കെതിരെ ഇനി പരാമർശങ്ങളുണ്ടാവില്ലെന്ന് രാംദേവ് അറിയിച്ചുവെന്ന് ജസ്റ്റിസ് അമിത് ബൻസാൽ അറിയിച്ചു. നേരത്തെ രാംദേവിന്റെ വിവാദ പരാമർശം ഓൺലൈനിൽ നിന്ന് നീക്കാൻ ഡൽഹി ഹൈകോടതി നിർദേശം നൽകിയിരുന്നു. പതഞ്ജലിയുടെ ഗുലാബ് സർബത്തിന്റെ പ്രചാരണത്തിനിടെ റൂഫ് അഫ്സ വിറ്റ് കിട്ടുന്ന പണം ഹംദർദ് മദ്രസകളും പള്ളികളും നിർമിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന ഗുരുതര ആരോപണം രാംദേവ് ഉയർത്തിയിരുന്നു.
തുടർന്ന് രാംദേവിന്റെ പരാമർശത്തിനെതിരെ ഹംദർദ് പരാതി നൽകുകയായിരുന്നു. കേസിൽ ഏപ്രിൽ 22ന് ഇനി ഇത്തരം പരാമർശം നടത്തില്ലെന്ന് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. കോടതി നിർദേശത്തിന് പിന്നാലെ പരാമർശം ആവർത്തിക്കില്ലെന്ന് അറിയിച്ച് രാംദേവ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
വിവാദ പരാമർശം ഓൺലൈനിൽ നിന്ന് നീക്കാത്തതിനെ തുടർന്ന് ബാബ രാംദേവിനെതിരെ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.