ബ്രിജ് ഭൂഷൺ

തനിക്കെതിരായ ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന ബ്രിജ് ഭൂഷണിന്‍റെ ഹരജി തള്ളി ഡൽഹി കോടതി

ന്യൂഡൽഹി: തനിക്കെതിരെ വനിത ഗുസ്തിതാരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതികളിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പിയും മുൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് നൽകിയ ഹരജി ഡൽഹി കോടതി തള്ളി.

സംഭവത്തിൽ പരാമർശിച്ച തീയതിയിൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്ന അവകാശവാദത്തെ അടിസ്ഥാനമാക്കിയാണ് സിങ്ങിന്‍റെ ഹരജി. വൈകിയ ഘട്ടത്തിലാണ് ഹരജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് ഹരജിയെ എതിർത്തിരുന്നു. ഇത് കാലതാമസം വരുത്തുന്നതിനുള്ള തന്ത്രമാണെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 354 (സ്ത്രീയെ അപമാനിക്കൽ), 354 എ (ലൈംഗിക പീഡനം) പ്രകാരം ലൈംഗികാതിക്രമം, പീഡനം, വേട്ടയാടൽ തുടങ്ങിയ കുറ്റങ്ങൾക്ക് സിങ് വിചാരണ ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന് ഡൽഹി പൊലീസിന്‍റെ കുറ്റപത്രത്തിൽ പറയുന്നു.

ഗുരുതരമായ പരാതികളാണ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉന്നയിച്ചത്. ഡൽഹിയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭൂഷൺ ഒഴിഞ്ഞത്. എന്നാൽ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കായികമന്ത്രി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.

അതേസമയം, ഉത്തർപ്രദേശിലെ കയ്സർഗഞ്ച് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാരാകുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സിറ്റിങ് എം.പികൂടിയായ ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. 99.9 ശതമാനവും മണ്ഡലത്തിൽ നിന്നും താൻ തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.

Tags:    
News Summary - Delhi Court Dismisses Brij Bhushan's Plea for Further Probe on Allegations Against Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.