ശരീരം മരവിച്ചിരുന്നു... മുകളിൽ കോൺക്രീറ്റ് അവശിഷ്ടം, സുഹൃത്ത് ലൈവ് ലൊക്കേഷൻ അയച്ചു; ഡൽഹി കെട്ടിട ദുരന്തത്തിൽ രക്ഷപ്പെട്ട വിദ്യാർഥി

ന്യൂഡൽഹി: ഞായറാഴ്ച ഉച്ചകഴിഞ്ഞിരുന്നു. ഹോസ്റ്റൽ ഡേയ്സ് പി.ജിയിൽ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ചുറ്റും ഇരുട്ട് നിറഞ്ഞു. മുകളിൽ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ. ശരീരം അനക്കാൻ കഴിയുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത നിമിഷം. ശരീരം മരവിച്ച് പോയിരുന്നു. രക്തസ്രാവവും... ഡൽഹിയിൽ കെട്ടിടം തകർന്നുവീണ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയായ നിതേഷ് ചിബ് പറയുന്നു.

ഒന്നരമണിക്കൂറോളമാണ് നിതേഷ് ചിബും സുഹൃത്തും കെട്ടിടാവശിഷ്‍ടങ്ങൾക്കിടയിൽ കുടുങ്ങിയത്. എന്ത് ചെയ്യണമെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. എന്നാൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിന് പിന്നാലെ നിതേഷിന്റെ സുഹൃത്ത്, മറ്റു സുഹൃത്തുക്കൾക്ക് മൊബൈൽ ഫോണിൽനിന്ന് ലൈവ് ലൊക്കേഷനും എസ്.ഒ.എസ് സന്ദേശവും അയച്ചുകൊടുത്തു. സുഹൃത്തുക്കൾ സന്ദേശം രക്ഷാപ്രവർത്തകർക്ക് കൈമാറി.

അവശിഷ്ടങ്ങൾക്കിടയിൽ എവിടെയാണ് കുടുങ്ങി കിടക്കുന്നതെന്ന് കൃത്യമായി മനസിലായതോടെ ഒന്നരമണിക്കൂറിന് ശേഷം നിതേഷിനെയും സുഹൃത്തിനെയും രക്ഷാപ്രവർത്തകർ പു​റത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ്, അമിത രക്തസ്രാവമുണ്ടായ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയും ചെയ്തു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് നിതേഷും സുഹൃത്തും.

ഡൽഹി സർവകലാശാലക്ക് സമീപത്തെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടമാണ് തകർന്നത്. പി.ജി കെട്ടിടം ഇത്രയും ദുർബലമാണെന്നും തകർന്ന് വീഴുമെന്നും കരുതിയിട്ടില്ലെന്ന് നിതേഷ് ചിബ് പറയുന്നു. ‘കെട്ടിടം ഇത്ര ദുർബലമാണെന്ന് അറിഞ്ഞിരുന്നില്ല. പുറത്തു നിന്ന് നോക്കുമ്പോൾ നല്ലതായി തോന്നി. ചുവരുകളിൽ വിള്ളലുകളോ വരാനിരിക്കുന്ന ദുരന്തത്തിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ആഴ്ചയിലേറെയായി ബേസ്മെന്റിൽ എന്തോ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട്, പെട്ടെന്ന് കെട്ടിടം തകർന്നു വീണു’ -ആശുപത്രി കിടക്കയിൽനിന്ന് നിതേഷ് പറഞ്ഞു. ഡൽഹിയിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇത്തരം പി.ജികളിൽ താമസിക്കുകയ​ല്ലാതെ മറ്റ് വഴിയില്ല. അതിനാൽ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത്തരം കെട്ടിടങ്ങൾ പതിവായി പരിശോധിക്കുകയും ചെയ്യണ​മെന്ന് നിതേഷ് കൂട്ടിച്ചേർത്തു.

ഡൽഹിയിൽ പി.ജി കെട്ടിട ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ പഴക്കം, നടത്തിയിരുന്ന നിർമാണ പ്രവർത്തനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Delhi Building Collapse Student Trapped Under Rubble Shares Location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.