ദീപാവലി, ദസറ ഉത്സവകാലം; പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും ന്യായമായ വിലയ്ക്ക് വിൽപന നടത്താനും പഞ്ചസാര മില്ലുകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. വില സ്ഥിരത നിലനിർത്താൻ ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രാലയം അറിയിച്ചു.
ഉത്സവകാലത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ പഞ്ചസാര പൂഴ്ത്തിവെച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നും ആവശ്യാനുസരണം ഉണ്ടായ വർധനയായിരുന്നില്ല അതെന്നും ഭക്ഷ്യമന്ത്രാലയം ജോ. സെക്രട്ടറി അശ്വിനി ശ്രീവാസ്തവ പറഞ്ഞു. ഉത്സവസമയത്ത് പഞ്ചസാര വില ഉയർത്തുന്നതിന് ന്യായീകരണമില്ല. വില സ്ഥിരത ഉറപ്പാക്കേണ്ടത് മേഖലയിലെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗണേശ ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ പ്രധാന ഉത്സവങ്ങൾ നടക്കുന്ന ആഗസ്റ്റ് മുതൽ നവംബർ വരെയാണ് രാജ്യത്ത് പഞ്ചസാരയുടെ ആവശ്യകത സാധാരണയായി വർധിക്കുന്നത്. വില നിയന്ത്രിക്കുന്നതിനുള്ള നയരൂപീകരണം മെച്ചപ്പെടുത്താൻ പഞ്ചസാര ഉൽപാദനം മാസംതോറും നിരീക്ഷിക്കുമെന്നും മില്ലുകളിൽനിന്ന് കൃത്യമായ ഉൽപാദന, വിൽപന വിവരങ്ങൾ ശേഖരിക്കുമെന്നും സർക്കാർ അറിയിച്ചു.
തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിച്ച ഒരു ദശലക്ഷം ടണ്ണിൽ എട്ട് ലക്ഷം ടൺ പഞ്ചസാരയ്ക്കുള്ള അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ റെക്കോഡ് വിലയിൽനിന്ന് അടുത്തിടെ വില കുറഞ്ഞെങ്കിലും രണ്ടുമാസം മുമ്പത്തേതിനേക്കാൾ ഇപ്പോഴും 20 ശതമാനത്തോളം ഉയർന്ന നിലയിലാണെന്നും മന്ത്രാലയം വിലയിരുത്തി.
രാജ്യത്ത് പഞ്ചസാര വില കഴിഞ്ഞ മാസം റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ലഭ്യത സംബന്ധിച്ച ആശങ്കകൾക്കിടെ ഒരു ദശലക്ഷം മെട്രിക് ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.