ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു; ഇന്ത്യയിൽ പെട്രോൾ വില ഉയരുമോ?
ന്യൂഡൽഹി: അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ എണ്ണ വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച ബാരലിന് 100 ഡോളർ ഭേദിച്ചു. ജൂലൈ 24ന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് വില 100 ഡോളറിന് മുകളിലെത്തുന്നത്.
സെപ്റ്റംബർ എട്ടിലെ കണക്കനുസരിച്ച് ഇന്ത്യൻ ക്രൂഡിന്റെ വില ബാരലിന് 108.91 ഡോളറിലേക്ക് ഉയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദവും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവും കുത്തനെ വർധിച്ചിരിക്കുകയാണ്. എങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില ഉടൻ വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യൻ ക്രൂഡ് നിലവിലെ നിരക്കിൽനിന്ന് ഇനിയും ഉയർന്നു നിൽക്കുകയാണെങ്കിൽ മാത്രമേ ചില്ലറ വിൽപന വിലയിൽ അടുത്ത മാറ്റം വരുത്തുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മുൻകാലങ്ങളിൽ ഇന്ത്യൻ ക്രൂഡ് ശരാശരി ബാരലിന് 106 ഡോളറിൽ എത്തുമ്പോഴാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിട്ടുള്ളതെന്ന് റൈസ്റ്റാഡ് എനർജിയിലെ പങ്കജ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. അതിനാൽ ക്രൂഡ് ഓയിൽ വില ദീർഘകാലത്തേക്ക് ബാരലിന് 110 ഡോളറിന് മുകളിൽ തുടർന്നുനിന്നാൽ മാത്രമേ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവിന് സാധ്യതയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അവസാനമായി ചില്ലറ ഇന്ധനവില പരിഷ്കരിച്ചത് മേയ് 25നാണ്. മെയ് 15-25 നും ഇടയിലായി പൊതുമേഖലാ എണ്ണ കമ്പനികൾ ലിറ്ററിന് ഏകദേശം 7.5 രൂപയുടെ വർധനവ് വരുത്തിയിരുന്നു. അതിനുശേഷം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ദില്ലിയിൽ പെട്രോളിന് ലിറ്ററിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് നിരക്ക്
സെപ്റ്റംബർ മാസത്തിൽ ഇതുവരെ ഇന്ത്യൻ ക്രൂഡ് ശരാശരി ബാരലിന് 102.11 ഡോളറാണ്. ഇത് ആഗസ്റ്റിലെ ശരാശരി നിരക്കായ 90.19 ഡോളറിനേക്കാൾ 13.2 ശതമാനം കൂടുതലാണ്. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ബാരലിന് 100.19 ഡോളർ വരെ ഉയർന്ന ശേഷം 2.01 ഡോളർ (2.05 ശതമാനം) വർധിച്ച് 99.93 ഡോളറിലെത്തി.
ഡബ്ല്യു.ടി.ഐ 1.49 ഡോളർ (1.6 ശതമാനം) ഉയർന്ന് 94.52 ഡോളറിലെത്തി. ആഗസ്റ്റ് ആദ്യം മുതൽ കണക്കാക്കിയാൽ ബ്രെന്റ് ക്രൂഡ് വിലയിൽ ഏകദേശം 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്
ഇറാൻ-അമേരിക്ക സംഘർഷം കനത്തതോടെ ബ്രെന്റ് വില 100ഡോളറും ഇന്ത്യൻ ക്രൂഡ് 109 ഡോളറോളവും എത്തിയതായി ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഐ.സി.ആർ.എ സീനിയർ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ പ്രശാന്ത് വസിഷ്ഠ് അറിയിച്ചു
പശ്ചിമേഷ്യൻ യുദ്ധവും ആഗോള എണ്ണ ഉൽപാദനവും സൗദി അറേബ്യൻ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് തീപിടിച്ചതാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്.
ഇത് മേഖലയിലെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ എണ്ണ ഗതാഗതം കടുത്ത തടസ്സം നേരിടുന്ന ഹുർമുസ് കടലിടുക്കിന് ബദൽ പാതയായ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കത്തിനും ഈ ആക്രമണങ്ങൾ ഭീഷണിയുയർത്തുന്നു.
യുദ്ധം ആരംഭിച്ച ശേഷം ഏപ്രിൽ 30നാണ് ബ്രെന്റ് ക്രൂഡ് ഏറ്റവും ഉയർന്ന നിരക്കായ 126.41 ഡോളറിലെത്തിയത്. അമേരിക്ക, കാനഡ, ഗയാന തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങൾ എണ്ണ ഉൽപാദനം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ വർഷം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 43 ലക്ഷം ബാരലിന്റെ (ഏകദേശം നാ ശതമാനം) കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.