ഡൽഹി നിയമസഭാ സമ്മേളനം ഇന്ന്; കെജ്രിവാളിന്‍റെ അറസ്റ്റിനുശേഷമുള്ള ആദ്യ സമ്മേളനം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിനുശേഷമുള്ള ആദ്യ നിയമസഭ സമ്മേളനം ബുധനാഴ്ച നടക്കും. ഇ.ഡി കസ്റ്റഡിയിലുള്ള കെജ്രിവാൾ ചൊവ്വാഴ്ച രണ്ടാമത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു.

മൊഹല്ല ക്ലിനിക്കുകളിലെയും ആശുപത്രികളിലെയും മരുന്ന്, ടെസ്റ്റുകളുടെ ലഭ്യത സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവിലാണ് പുതുതായി ഒപ്പുവെച്ചത്. പിന്നാലെയാണ് നിയമസഭ സമ്മേളനം ചേരുന്ന വിവരം ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവും കെജ്രിവാൾ പുറത്തിറക്കിയിരുന്നു.

മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കാൻ അദ്ദേഹം നിർദേശം നൽകിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

‘ബുധനാഴ്ചയാണ് ഡൽഹി നിയമസഭാ സമ്മേളനം. ആശുപത്രികളിലെയും മൊഹല്ല ക്ലിനിക്കുകളിലെയും സൗജന്യ മരുന്നുകളുടെയും സൗജന്യ പരിശോധനകളുടെയും നിജസ്ഥിതി അറിയിക്കാനും എന്തിനെങ്കിലും ക്ഷാമമുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സമ്പൂർണ പദ്ധതി ആവിഷ്‌കരിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്’ -സൗരഭ് ഭരദ്വാജ് എക്സിൽ അറിയിച്ചു.

ഇ.ഡി കസ്റ്റഡിയിൽ തുടരവേ ജലവിഭവ വകുപ്പിലെ നടപടിക്കായി കെജ്രിവാൾ ഉത്തരവിട്ടത് എങ്ങനെയെന്ന തർക്കം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ഉത്തരവും പുറത്തുവന്നത്. കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിടുമ്പോൾ ഭാര്യ സുനിത കെജ്രിവാളിനും പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനും ദിവസേന വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ കോടതി അനുമതി നൽകിയിരുന്നു. അഭിഭാഷകനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ ഉത്തരവിൽ ഒപ്പിട്ടത് എന്ന് അന്വേഷിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി.

Tags:    
News Summary - Delhi Assembly Session Today, 1st Since Chief Minister Arvind Kejriwal's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.