ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടായി കേരളീയര്‍ക്ക് സുപരിചിതമായ ആകാശവാണിയുടെ മലയാളം ‘ഡല്‍ഹി റിലേ’ വാര്‍ത്തകള്‍ ഇനി ഒരു മാസം കൂടി മാത്രം. മാര്‍ച്ച് ഒന്നു മുതല്‍ ഈ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഡല്‍ഹിയിലെ നിലയത്തില്‍നിന്ന് മാറ്റി തിരുവനന്തപുരത്തുനിന്ന് പ്രക്ഷേപണം ചെയ്യാന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചു. മലയാളത്തിനു പുറമെ തമിഴ്, അസമീസ്, ഒഡിയ, ഡല്‍ഹി വാര്‍ത്താ ബുള്ളറ്റിനുകളും അതത് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.
വാര്‍ത്താവായനക്കാരുടെ ക്ഷാമം, അധികച്ചെലവ് തുടങ്ങിയ കാരണങ്ങള്‍ മുന്നോട്ടുവെച്ചാണ് ഡല്‍ഹി നിലയത്തില്‍നിന്ന് പ്രാദേശികഭാഷകളെ പുറംതള്ളുന്നത്. ആദ്യഘട്ടമായി പ്രാദേശികനിലയങ്ങളിലേക്ക് മാറ്റുന്നത് നാലു ഭാഷകളാണെങ്കിലും, ക്രമേണ എല്ലാ പ്രാദേശിക ഭാഷാ ബുള്ളറ്റിനും അതാത് സംസ്ഥാനത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം. മുന്തിയ സാങ്കേതിക സൗകര്യങ്ങളോടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രക്ഷേപണകേന്ദ്രമായി ഡല്‍ഹി ആകാശവാണി നിലയം മാറിയപ്പോള്‍തന്നെയാണ് പ്രാദേശികഭാഷകളെ തഴയുന്നത്.
1949 ജനുവരി ഒന്നിന് തുടങ്ങിയതാണ് ഡല്‍ഹിയില്‍നിന്നുള്ള മലയാള വാര്‍ത്തകളുടെ റിലേ. ഏഴു പതിറ്റാണ്ട് മലയാളിക്ക് ഗൃഹാതുരത്വവും ദിനചര്യയുമായി മാറിയ ഡല്‍ഹി ബുള്ളറ്റിനുകളാണ് നിലക്കുന്നത്. രാവിലെ 7.25, ഉച്ചക്ക് 12.50, രാത്രി 7.25 എന്നിങ്ങനെ മൂന്നു നേരമാണ് 10 മിനിറ്റ് ബുള്ളറ്റിന്‍. അതേസമയം, തുടര്‍ന്നും തിരുവനന്തപുരത്തുനിന്ന് പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് വാര്‍ത്താമുടക്കമുണ്ടാവില്ല. ദേശീയമുഖമുള്ള വാര്‍ത്തകളുടെ ഡല്‍ഹി പ്രൗഢി ഇല്ലാതെ പ്രാദേശികസ്വഭാവം കൈവരിക്കുമെന്ന് മാത്രം.
ഗള്‍ഫ്, ലക്ഷദ്വീപ് തുടങ്ങിയ മേഖലകള്‍ക്കായി രാത്രി 11.15 മുതല്‍ വാര്‍ത്തയും വാര്‍ത്താവീക്ഷണവും ഉള്‍പ്പെടുത്തി നല്‍കുന്ന വിദേശ പ്രക്ഷേപണവും തിരുവനന്തപുരത്തേക്ക് മാറും. മറാത്തി, ഗുജറാത്തി, ബംഗാളി, പഞ്ചാബി, കശ്മീരി, ദോഗ്രി, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിലെ ബുള്ളറ്റിനുകളാണ് തല്‍ക്കാലം ഡല്‍ഹി നിലയത്തില്‍ നിലനിര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.