ന്യൂഡൽഹി: പാകിസ്താനിലെ ഭീകര ക്യാമ്പുകൾക്കെതിരായ സൈനിക ആക്രമണം സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഉപന്യാസ മത്സരം പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയം. ജൂൺ 1 മുതൽ 30 വരെയാണ് ഇതിനായി നിശ്ചയിച്ച സമയം.
മികച്ച മൂന്ന് വിജയികൾക്ക് ഓരോരുത്തർക്കും 10,000 രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്നും ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രത്യേക അവസരം ലഭിക്കുമെന്നുമാണ് ‘എക്സി’ലെ പോസ്റ്റിൽ മന്ത്രാലയം നൽകുന്ന വാഗ്ദാനം.
പ്രതിരോധ മന്ത്രാലയം യുവ മനസ്സുകളെ അവരുടെ ശബ്ദം കേൾപ്പിക്കാൻ ക്ഷണിക്കുന്നു! ഓപറേഷൻ സിന്ദൂർ- ഭീകരതക്കെതിരായ ഇന്ത്യയുടെ നയം പുനഃർനിർവചിക്കൽ എന്ന വിഷയത്തിലുള്ള സർക്കാറിന്റെ ദ്വിഭാഷാ ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാം. മത്സര തീയതി: 2025 ജൂൺ 1-30. ഒരാൾക്ക് ഒരു എൻട്രി ഹിന്ദിയിലോ ഇംഗ്ലീഷിലോ സമർപിക്കാമെന്നും ഓപറേഷൻ സിന്ദൂർ ലോഗോ പ്രദർശിപ്പിക്കുന്ന ഒരു പോസ്റ്റർ സഹിതം ‘എക്സി’ൽ പറയുന്നു.
നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ഭരണത്തിന്റെ ഒന്നാം വാർഷികത്തിൽ സ്ത്രീകൾക്കിടയിൽ പാർട്ടിയുടെ പ്രചാരണത്തിനായി ഓപറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള മാധ്യമ സമ്മേളനങ്ങളിൽ പ്രാധാന്യം നേടിയ കേണൽ സോഫിയ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും ഉപയോഗിക്കാൻ ബി.ജെ.പി നേരത്തെ പദ്ധതികൾ തയ്യാറാക്കിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സായുധ സേനയെ ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തിന് ഈ നീക്കം വഴിവെച്ചു.
എന്നാൽ, പൊതുജന പ്രതിഷേധത്തിനു പിന്നാലെ അത്തരമൊരു പ്രചാരണ പരിപാടിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ബി.ജെ.പി നിഷേധിച്ചു. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സർക്കാറിന്റെ നയതന്ത്ര ഇടപെടലിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ വിദേശത്തായിരുന്ന സമയത്ത് ഓപറേഷന്റെ പേരുപയോഗിച്ച് മോദി ‘രാഷ്ട്രീയ ഹോളി’ കളിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.