ന്യൂഡൽഹി: ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ഞായറാഴ്ച വിരമിച്ചതിനെതുടർന്നാണ് 64കാരനായ മിശ്ര ചുമതലയേറ്റത്. 2018 ഒക്ടോബർ രണ്ടുവരെ അദ്ദേഹം പദവിയിൽ തുടരും. അംഗീകൃത രീതി പിന്തുടർന്ന് കഴിഞ്ഞ മാസമാണ് ജസ്റ്റിസ് ഖെഹാർ, മിശ്രയെ മുഖ്യന്യായാധിപനായി നിർദേശിച്ചത്. പുതിയ ചീഫ് ജസ്റ്റിസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
2011ൽ സുപ്രീംകോടതിയിലെത്തിയ ജസ്റ്റിസ് മിശ്ര പട്ന, ഡൽഹി ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കാവേരി^കൃഷ്ണ നദീജലത്തർക്കം, ബി.സി.സി.െഎ പരിഷ്കാരം, സഹാറ തുടങ്ങിയ സുപ്രധാന കേസുകൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിെൻറ അധ്യക്ഷനാണ്. രാജ്യത്തെ സിനിമ തിയറ്ററുകളിൽ ദേശീയഗാനാലാപനം നിർബന്ധമാക്കി ഉത്തരവിട്ട ബെഞ്ചിെൻറയും തലവനായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ സത്യപ്രതിജ്ഞചടങ്ങിൽ പെങ്കടുത്തു.
ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്‌നായിക് എന്നിവരാണ് മുമ്പ് ഒഡീഷയില്‍ നിന്നും ചീഫ് ജസ്റ്റിസായിട്ടുള്ളത്. നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചും സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്ന് വിധിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിയാണ് ദീപക് മിശ്ര. ബാബരി മസ്ജിദ് ഭൂമി തര്‍ക്കമുള്‍പ്പടെ, സുപ്രധാനമായ പല കേസുകള്‍ക്കും ദീപക് മിശ്രയുടെ കാലത്ത് തീര്‍പ്പുണ്ടാകും. കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുന്നതുള്‍പ്പടെ നിരവധി വെല്ലുവിളികളും ദീപക് മിശ്രയെ കാത്തിരിപ്പുണ്ട്.
ഖെഹാര്‍ വിരമിച്ചതോടെ ആധാര്‍ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് പുതിയ അധ്യക്ഷനെ നിയമിക്കണം. ഇതിന് പുറമെ കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ യുടെ സാധുത പരിശോധിക്കുന്നതിന് ഭരണഘടനാ ബെഞ്ചും ദീപക്മിശ്ര സ്ഥാനമേറ്റശേഷം രൂപീകരിക്കും. സ്വകാര്യത കേസിലെ വിധി ആര്‍ട്ടിക്കിള്‍ 377നെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് തീര്‍പ്പാക്കാനും ഭരണഘടനാ ബെഞ്ചിന് ഉടന്‍ രൂപം നല്‍കേണ്ടതുമുണ്ട്. പുതിയ ജഡ്ജിമാരുടെ നിയമനത്തിന് പുതിയ സംവിധാനം ഒരുക്കാന്‍ മുന്‍ഗാമികള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ ദീപക് മിശ്രയ്ക്ക് എന്ത്‌ചെയ്യാനാകുമെന്നും രാജ്യം ഉറ്റുനോക്കുന്നു. രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുക, കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയവയും പുതിയ ചീഫ് ജസ്റ്റിസിനു മുന്നിലെ വെല്ലുവിളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.