ന്യൂഡൽഹി: കുംഭ മേള പ്രദേശം ഹിന്ദുക്കൾക്ക് മാത്രമാക്കി അഹിന്ദുക്കളുടെ പ്രവേശനം തടയുന്നത് ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. 2027-ൽ നടക്കുന്ന അർദ്ധ കുംഭമേളക്ക് മുമ്പ് ഉത്തരാഖണ്ഡ് സർക്കാർ കുംഭമേള പ്രദേശം അഹിന്ദുക്കൾക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ശ്രീ ഗംഗാ സഭ പ്രസിഡന്റ് നിതിൻ ഗൗതം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുഷ്കർ സിങ് ധാമിയുടെ പ്രതികരണം.
ഹർ കി പൗരിയിലടക്കം അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണമെന്നാണ്, പ്രദേശത്തെയും ഹരിദ്വാറിലെ മറ്റു ഗംഗാ ഘട്ടുകളെയും നിയന്ത്രിക്കുന്ന ശ്രീ ഗംഗാ സഭ പ്രസിഡന്റ് നിതിൻ ഗൗതം പറഞ്ഞത്. വരാനിരിക്കുന്ന കുംഭമേളക്ക് മുമ്പ്, കുംഭമേള പ്രദേശത്തെ എല്ലാ ഗംഗാ ഘട്ടുകളിലും മതപരമായ സ്ഥലങ്ങളിലും അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അടുത്ത 100 വർഷത്തേക്ക് നമ്മൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. നമ്മുടെ മതം, സംസ്കാരം, വികാരങ്ങൾ എന്നിവയുമായി ബന്ധമില്ലാത്ത ആളുകൾ ഉജ്ജയിൻ, അലഹബാദ്, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ നടക്കുന്ന സനാതനത്തിന്റെ ഏറ്റവും വലിയ ഉത്സവങ്ങളിലേക്ക് പ്രവേശിക്കുന്നത് നഷ്ടം മാത്രമേ വരുത്തൂ. കുംഭമേള നടക്കുന്ന പ്രദേശത്ത് ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദം ഉണ്ടാകാൻ പാടുള്ളൂ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു -ശ്രീ ഗംഗാ സഭ പ്രസിഡന്റ് പറഞ്ഞു.
മുനിസിപ്പൽ നിയമങ്ങൾ അനുസരിച്ച്, ഹരിദ്വാർ മുനിസിപ്പൽ പ്രദേശം ഒരു അഹിന്ദു നിരോധിത മേഖലയായും മാംസ-മദ്യ നിരോധിത മേഖലയായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തീർത്ഥാടന കേന്ദ്രത്തിന്റെ പവിത്രത നിലനിർത്തുന്നതിന് സർക്കാർ ഈ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹരിദ്വാറിലെ ബൈരാഗി ക്യാമ്പിലും മറ്റ് സ്ഥലങ്ങളിലും ഹിന്ദുക്കളല്ലാത്തവർ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് ഹരിദ്വാറിൽ നിന്ന് നീക്കം ചെയ്യണമെന്നും നിതിൻ ഗൗതം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.