മഹേഷ് ഷെട്ടി തിമറോഡി
മംഗളൂരു: കൂട്ടശവസംസ്കാരം, പി.യു. കോളജ് വിദ്യാർഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തുടങ്ങി ധർമസ്ഥലക്കെതിരായ സമരങ്ങളുടെ മുൻനിര പ്രവർത്തകൻ മഹേഷ് ഷെട്ടി തിമറോഡിയെ നാടുകടത്താൻ തീരുമാനം. റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് ഒരു വർഷത്തേക്ക് നാടുകടത്തുക. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് പുത്തൂർ പൊലീസ് അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല ധർമസ്ഥല പ്രത്യക അന്വേഷണ സംഘത്തിന് കൈമാറി.
ബെൽത്തങ്ങാടി പൊലീസിന്റെ ഹരജി പരിഗണിച്ചാണ് എ.സി.പിയുടെ നടപടി. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ (17) കുടുംബത്തിന് നീതി നേടി പ്രവർത്തിക്കുന്ന ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാനായ തിമറോഡി കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട സമരങ്ങളിലും സജീവമാണ്.
ധർമസ്ഥല വിഷയങ്ങൾ ഉയർത്തി വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സമാന മനസ്കരുടെ പ്രതിഷേധ പരിപാടി നടക്കാനിരിക്കെയാണ് ഈ മാസം 18 മുതൽ മുൻകാല പ്രാബല്യത്തോടെ തിമറോഡിയെ നാടുകടത്തൽ ഉത്തരവിറങ്ങിയത്.
തിമറോഡിക്കെതിരെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിലായി 32ഓളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ബെൽത്തങ്ങാടി പൊലീസ് അസി. പൊലീസ് കമീഷണർക്ക് സമർപ്പിച്ച കേസുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിൽ പറഞ്ഞു.
നാടുകടത്തൽ ഉത്തരവിന്റെ പകർപ്പ് ബണ്ട്വാൾ പൊലീസ് സബ് ഡിവിഷൻ ഡിവൈ.എസ്.പിക്കും അയച്ചു. അതിനിടെ തിമറോഡിയുടെ 11 അടുത്ത അനുയായികൾക്ക് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് ലഭിച്ചു.
കൂട്ട ശവസംസ്കാര കേസിലെ പരാതിക്കാരനും സാക്ഷിയുമായ ചിന്നയ്യയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് കൈമാറിയതായി കൂട്ടാളികൾക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.