മുംബൈ: നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തെ റിപ്പോർട്ട് തേടി ബോംബെ ഹൈകോടതി. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഭണ്ഡൂപ്പിലെ സുഷമ സ്വരാജ് നവജാത ശിശുകേന്ദ്രത്തിൽ ഏപ്രിൽ 29ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈകോടതി നിർദേശം നൽകിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13 നഴ്സിങ് ഹോമുകളിൽ നടത്തിയ പരിശോധനകളുടെ എണ്ണം വ്യക്തമാക്കാൻ ബോംബെ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതരോട് ബോംബെ ഹൈകോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. അനാസ്ഥ ആരോപിച്ച് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി തകരാർ മൂലം മൊബൈൽ ഫോണുകളുടെ ഫ്ലാഷ്‌ലൈറ്റുകൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബി.എം.സി ചുമതല കൃത്യമായി നിർവ്വഹിച്ചിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് രേവതി മൊഹിതേ-ഡെരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
അനാസ്ഥ വരുത്തിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ചതായി ബി.എം.സി അഭിഭാഷകൻ പറഞ്ഞു. നവജാത ശിശുകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.