ആഭ്യന്തര മന്ത്രി സാഹിബ്, ആ വാദം ശരിയല്ല -അമിത്ഷായോട് ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തിന് ഒരു പതാക, ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി എന്ന മുദ്രാവാക്യത്തെ സാധൂകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ എങ്ങനെയുണ്ടാകുമെന്നും രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നുമായിരുന്നു പ്രതിപക്ഷ​ത്തോട് അമിത് ഷായുടെ ചോദ്യം. എന്നാൽ, പ്രതിപക്ഷത്തെ പരിഹസിക്കുന്നതിന് മുമ്പ് ദയവായി ലോകത്തെ നോക്കണ​മെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.

‘പ്രിയപ്പെട്ട ആഭ്യന്തര മന്ത്രി സാഹിബ്, ഒരു രാജ്യത്തിന് ഒന്നിൽ കൂടുതൽ ഭരണഘടനയോ പതാകയോ ഉണ്ടാകുമോ എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുന്നതിന് മുമ്പ് ദയവായി ലോകമെമ്പാടും നോക്കുക. യു.എസ്.എയിലെ 50 സ്റ്റേറ്റുകൾക്കും അവരുടേതായ പതാകയും ഭരണഘടനയും ഉണ്ട്. ആസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അങ്ങനെ തന്നെ. അവിടെ ഓരോന്നിനും ഒരോ പ്രധാനമന്ത്രി കൂടിയുണ്ട്! കൂടാതെ മറ്റ് നിരവധി രാഷ്ട്രങ്ങളിലും ഉദാഹരണങ്ങളുണ്ട്. ഇന്ത്യ അങ്ങനെയാകണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, ഒരു രാജ്യത്തിനും ഒന്നിലധികം ഭരണഘടനകളോ പതാകകളോ ഇല്ല എന്നത് ശരിയായ വാദമല്ല’ -എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ശശി തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.

രാജ്യത്തിന് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. ‘ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമ​ല്ല. ഈ തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ബി.ജെ.പി ഇത് ജമ്മുകശ്മീരിൽ അത് നടപ്പാക്കി. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ എങ്ങനെയുണ്ടാകും? രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ? സൗഗത റോയിയുടെ പരാമർശം പ്രതിഷേധാർഹമാണ്. നിങ്ങളുടെ അംഗീകാരമോ വിയോജിപ്പോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. രാജ്യം മുഴുവൻ ആഗ്രഹിച്ചതാണത്. ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു പതാകയും ഒരു ഭരണഘടനയും വേണമെന്നാണ് 1950 മുതൽ ഞങ്ങൾ പറയുന്നത്. ഞങ്ങളത് നടപ്പാക്കി’ -അമിത് ഷാ പറഞ്ഞു.

2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയി ലോക്‌സഭയിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നായിരുന്നു സൗഗത റോയി പറഞ്ഞത്.

Tags:    
News Summary - Dear Home Minister Sahib, it is not true -ShashiTharoor to amit shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.