മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഗൗതം നവലഖയെ 48 മണിക്കൂറിനകം വീട്ടുതടങ്കലിലേക്കു മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും നടപടികൾ വൈകുന്നു. ചൊവ്വാഴ്ച ജാമ്യനടപടികളുടെ ഭാഗ്യമായി നവലഖയെ മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. പാൻകാർഡ്, ആധാർ, പാസ്പോർട്ട് തുടങ്ങി രേഖകളെല്ലാം സമർപ്പിച്ചിരുന്നു.
എന്നാൽ, സാമ്പത്തികഭദ്രത വ്യക്തമാക്കുന്ന സോൾവൻസി സർട്ടിഫിക്കറ്റിന്റെ പേരിലാണ് താമസം. ഇത് ലഭ്യമാകണമെങ്കിൽ കാലതാമസമുണ്ട്. ഡിസംബർ 13 വരെയാണ് സുപ്രീംകോടതി വീട്ടുതടങ്കൽ അനുവദിച്ചത്. തുടരണമോ എന്ന് 13ന് തീരുമാനിക്കും. സോൾവൻസി സർട്ടിഫിക്കറ്റ് പ്രതിസന്ധി നവലഖയുടെ അഭിഭാഷകർ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചു.
ഇതോടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽനിന്ന് സോൾവൻസി സർട്ടിഫിക്കറ്റ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് ഒഴിവാക്കി. ആരോഗ്യാവസ്ഥ പരിഗണിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് നവലഖക്ക് സുപ്രീംകോടതി വീട്ടുതടങ്കൽ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.