ദാവൂദ് പാകിസ്താനിൽ തന്നെയുണ്ടെന്ന് സഹോദരൻ

മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് അറസ്റ്റിലായ സഹോദരൻ ഇക്ബാൽ കസ്കർ. ചോദ്യം ചെയ്യലിനിടക്ക് ദാവൂദിന്‍റെ കാറാച്ചിയിലെ നാല് മേൽവിലാസങ്ങൾ ഇക്ബാൽ നൽകിയതായും താനെ പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദാവൂദ് പാകിസ്താനിലുണ്ടെന്ന് ഇന്ത്യ നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പാകസ്താൻ ഇത് നിഷേധിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലിന്‍റെ വിവരങ്ങൾ കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികൾക്ക് കൈമാറുമെന്നും താനെ പൊലീസ് അറിയിച്ചു. ഇക്ബാൽ നൽകിയ വിവരങ്ങൾ സത്യമാണോയെന്ന് അറിയാനും കേന്ദ് രഏജൻസികൾക്ക് നേരത്തേ അറിയാമായിരുന്ന വിവരങ്ങളുമായി സാദൃശ്യമുണ്ടോ എന്ന് തിരിച്ചറിയാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ദാവൂദിനെ താൻ ദുബൈയിൽ വെച്ച് കണ്ടിട്ടില്ലെന്നാണ് ഇക്ബാലിന്‍റെ മൊഴിയെങ്കിലും പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. 2005ൽ ദാവൂദിന്‍റെ മകൾ മെഹ്റൂക്കിന്‍റെയും പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻ ദാദിന്‍റെ പുത്രൻ ജുനൈദിന്‍റെയും വിവാഹം നടന്നത് വെസ്റ്റ് ഏഷ്യയിൽ വെച്ചായിരുന്നു. വിവാഹത്തിൽ ദാവൂദ് പങ്കെടുത്തതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സഹോദരന്മാർ അവസാനമായി കണ്ടുമുട്ടിയത് അവിടെ വെച്ചായിരിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം.

മറ്റൊരു കസ്കർ സഹോദരനായ അനീസുമായി ഇക്ബാലിന് നല്ല ബന്ധമാണുള്ളത്. ഡി കമ്പനിയുടെ സ്വർണത്തിന്‍റെയും വെള്ളിയുടേയും ഇടപാടുകളുടെ ചുമതലയുള്ള അനീസ്, കുടുംബസമേതം കറാച്ചിയിലാണ് താമസം. 2003ൽ ഇന്ത്യയിലെത്തിയതിന് ശേഷം മൂന്നോ നാലോ തവണ മാത്രമാണ് ദാവൂദ് താനുമായി ബന്ധപ്പെട്ടതെന്നാണ് ഇക്ബാൽ പൊലീസിനോട് വ്യക്തമാക്കിയത്.

ദാവൂദിന്‍റെ 11 സഹോദരങ്ങളിൽ അഞ്ചാമത്തെയാളാണ് ഇക്ബാൽ. 2003 മാർച്ചിൽ ഇയാളെ യു.എ.ഇയിൽ നിന്നും നാടുകടത്തുകയായിരുന്നു. മറ്റ് സഹോദരങ്ങളെ പോലെ ഇക്ബാൽ ഒരിക്കലും കറാച്ചിയിലേക്ക് പോകുകയോ ക്ളിഫ്ടൺ പ്രദേശത്ത് പ്രവർത്തിക്കുന്ന ദാവൂദിന്‍റെ അധോലോക സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല.

നാടുകടത്തലിനുശേഷം ഭൂമി കൈക്കലാക്കിയതിനും കൊലപാതകത്തിനും   ഇന്ത്യയിൽ ഇക്ബാലിനെതിരെ കേസ് ഉണ്ടായിരുന്നു. 2007ൽ ഈ കേസുകളിൽ നിന്ന് ഇക്ബാൽ കുറ്റവിമുക്തനായി. 2015ൽ മറ്റൊരു കേസിൽ അറസ്റ്റിലായ ഇക്ബാലിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

Tags:    
News Summary - Dawood is in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.