ബിലാസ്പൂർ: ബി.ജെ.പി നേതാക്കളുടെ പെൺമക്കൾ മുസ്‍ലിംകളെ വിവാഹം കഴിക്കുന്നത് ലവ് ജിഹാദല്ലെയെന്ന ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. അത്തരം വിവാഹങ്ങളെ അവർ സ്നേഹമെന്ന് വിളിക്കുമോ അതോ ജിഹാദെന്ന് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസഗഢിലെ ബിരാനപൂരിൽ നടന്ന കലാപത്തെ സംബന്ധിച്ച് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കലാപത്തിന് കാരണം ഗ്രാമത്തിൽ നടന്ന ചില വിവാഹങ്ങളാണെന്ന ആരോപണം ബി.ജെ.പി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഘർഷത്തെ തുടർന്ന് ബന്ദ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ബി.ജെ.പി തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് കുട്ടികൾ തമ്മിലുള്ള പ്രശ്നമാണ് ഒരാളുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. ഇത് ദുഃഖകരമാണ്. എന്നാൽ, സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
ബി.ജെ.പി ലവ് ജിഹാദിനെ കുറിച്ച് പറയുന്നു. അവരുടെ സീനിയർ നേതാക്കളുടെ പെൺമക്കൾ മുസ്‍ലിംകളെ വിവാഹം കഴിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ അവർ തയാറാകുമോ. അത് ലവ് ജിഹാദിന്റെ കൂട്ടത്തിൽ വരുമോ ?. ഛത്തീസഗഢിലെ മുതിർന്ന ബി.ജെ.പി നേതാവിന്റെ മകൾ മുസ്‍ലിം യുവാവിനെ വിവാഹം കഴിച്ചത് ലവ് ജിഹാദിൽ പെടുത്താനാവുമോ. അവരുടെ പെൺമക്കൾ വിവാഹം കഴിക്കുമ്പോൾ അത് സ്നേഹവും മറ്റുള്ളവർ ചെയ്യുമ്പോൾ ലവ് ജിഹാദുമായി മാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി ലവ് ജിഹാദ് ഉപയോഗിക്കുന്നത് ബി.ജെ.പി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.