ബംഗളൂരു: പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതിയെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ആൺസുഹൃത്ത്. എന്നാൽ, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പൊലീസിൽ മൊഴി നൽകി.
ഹൊസൂറിനടുത്ത ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, തങ്ങളുടെ ബന്ധത്തെ എതിർത്തതിനാൽ രാമമൂർത്തി സഹനയെ മനഃപൂർവ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സഹനയുടെ സുഹൃത്ത് നിധിൻ ആരോപിച്ചു. മാതാപിതാക്കൾ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം നടന്നതെന്നും ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
തങ്ങളുടെ ബന്ധത്തെ എതിർത്ത രാമമൂർത്തി സഹനയെ മനഃപൂർവ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സുഹൃത്ത് ആരോപിച്ചു. സുഹൃത്തിന്‍റെ മൊഴിയെ തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം ഞായറാഴ്ച രാത്രി ഉറങ്ങാൻ സാധിച്ചില്ലെന്നും ഇതുമൂലം വാഹനം ശരിയായി ഓടിക്കാൻ കഴിയാതെ അപകടത്തിൽപെടുകയായിരുന്നുവെന്നും രാമമൂർത്തി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു. നീന്തൽ അറിയാമായിരുന്നതിനാൽ താൻ രക്ഷപ്പെട്ടുവെന്നും മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.