ദത്താത്രേയ ഹൊസബാലെ
ന്യൂഡൽഹി: രാജ്യത്ത് 'ലവ് ജിഹാദ്' ആരോപണം ശക്തമായി പ്രചരിപ്പിക്കുമ്പോഴും മതാതീതമായ പ്രണയം ശുദ്ധമാണെങ്കിൽ അതിനെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. എന്നാൽ ഹൈന്ദവ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനകൾ അംഗീകരിക്കാനാവില്ലെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ദത്താത്രേയ പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള പ്രണയം സ്വാഭാവികമാണ്. അത്തരം ബന്ധങ്ങളെ ആർ.എസ്.എസ് എതിർക്കുന്നില്ല. ജാതിക്കും മതത്തിനും രാജ്യത്തിനും അതീതമായി വിവാഹം കഴിച്ച നിരവധി സ്വയം സേവകർ സംഘടനക്കായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വിവാഹങ്ങളിൽ തങ്ങൾ പങ്കെടുക്കാറുണ്ട്. പ്രണയം ഒരു അജണ്ടയുടെ ഭാഗമാകുമ്പോഴാണ് അത് പ്രശ്നമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിന്ദുക്കൾക്ക് കൂടുതൽ കുട്ടികൾ വേണമെന്ന ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഹൊസബാലെ പിന്തുണച്ചു. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളിൽ ആ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കളുടെ വാർദ്ധക്യകാലം ദുസ്സഹമാകും എന്നും കൂടപ്പിറപ്പുകൾ ഇല്ലാതെ വളരുന്നത് കുട്ടികളിൽ ഏകാന്തതക്കും അമിത അഹങ്കാരത്തിനും കാരണമായേക്കാം എന്നുമുള്ള വീക്ഷണമാണ് ഇതിനായി ഹൊസബാലെ നിരത്തിയത്. ജപ്പാനെപ്പോലെ പ്രായമായവരുടെ രാജ്യമായി ഇന്ത്യ മാറരുത്. രാജ്യം യുവത്വത്തോടെ നിലനിൽക്കാൻ ജനസംഖ്യാ നിരക്ക് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.