ലോക്‌സഭയിലെ അപകീര്‍ത്തി പരാമര്‍ശം: ബിധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡാനിഷ് അലി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബി.എസ്.പി എം.പി ഡാനിഷ് അലി. സഭയ്ക്കുള്ളില്‍ എല്ലാ നേതാക്കളും പാലിക്കേണ്ട മാന്യതയെക്കുറിച്ചും ചട്ടങ്ങളെ കുറിച്ചും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ബിധുരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. തനിക്കെതിരെ ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

' സംഭവ ദിവസം പ്രധാനമന്ത്രി സഭയില്‍ ഇല്ലായിരുന്നെങ്കിലും താങ്കളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. അത്തരം പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയെ കുറിച്ച് നടത്തുന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്' - അദ്ദേഹം കത്തില്‍ കുറിച്ചു.

ലോക്‌സഭയില്‍ ചര്‍ച്ചക്കിടെ ബി.ജെ.പി എം.പി രമേശ് ബിധുരി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം.പി ഡാനിഷ് അലിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിെ വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ രമേശ് ബിധുരിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ടെത്തി ഡാനിഷ് അലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തില്‍ ബിധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു.

പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി ബുധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിധുരിയുടെ പ്രതികരണം വ്യക്തമാക്കുന്നതിന് മുമ്പേ പാര്‍ട്ടി അദ്ദേഹത്തിന് രാജസ്ഥാനിലെ തോങ്കയുടെ തെരഞ്ഞെടുപ്പ് ചുമതലയും നല്‍കിയിരുന്നു. ഷോക്കോസ് കാലാവദി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിധുരിക്ക് ഇത്തരം സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വ്യക്തമാകുന്നത് പാര്‍ട്ടിയുടെ ശരിയായ ചിന്തകളാണെന്നും തനിക്കെതിരെ അപകീര്‍ത്തി പ്രചരിപ്പിച്ചതിനുള്ള പ്രതിഫലമാകും ഇതെന്നുമായിരുന്നു ഡാനിഷ് അലിയുടെ പ്രതികരണം. ഭരണകക്ഷിയെന്ന നിലക്ക് പാര്‍ട്ടി ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും ഡാനിഷ് അലി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Danish Ali sends letter to PM seeking action against Ramesh Bidhuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.