ബീഫ് പാകം ചെയ്തെന്നാരോപിച്ച് ദലിത് യുവാവിന് നേരെ ഗോരക്ഷകരുടെ അതിക്രമം; ചെരുപ്പുമാലയണിയിച്ച് ചാണകവെള്ളം ഒഴിച്ചു

 ഒഡിഷ: രാജ്യത്ത് ഗോരക്ഷകരുടെ പേരിൽ നടക്കുന്ന ആൾക്കൂട്ടാക്രമണങ്ങളുടെയും ദലിത് പീഡനങ്ങളുടെയും പുതിയ ഇരയായി ഒഡിഷയിലെ ഒരു ദലിത് യുവാവ്. ഒഡിഷയിലെ കലഹണ്ടി ജില്ലയിലാണ് ബീഫ് പാകം ചെയ്തു എന്നാരോപിച്ച് ദലിത് യുവാവിനെ ഒരു സംഘം ഗോരക്ഷകർ ക്രൂരമായി അപമാനിച്ചത്. യുവാവിനെ ചെരുപ്പുമാലയണിയിച്ച് നടുറോഡിലിരുത്തുകയും തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. ഭവാനിപട്‌ന ടൗണിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.


ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ തറയിലിരുത്തി കഴുത്തിൽ ചെരുപ്പുമാലയിട്ട ശേഷം ഇയാൾ പാകം ചെയ്തതാണെന്ന് ആരോപിക്കുന്ന മാംസം മുന്നിൽ പ്രദർശിപ്പിച്ചു. തടിച്ചുകൂടിയ നാട്ടുകാർ പരിഹസിക്കുകയും വീഡിയോ പകർത്തുകയും ചെയ്യുന്നതിനിടെ ഒരാൾ യുവാവിന്റെ തലയിൽ സ്റ്റീൽ പാത്രം കമഴ്ത്തിവെച്ചു. തുടർന്ന് ബക്കറ്റിൽ കരുതിയിരുന്ന ചാണകവെള്ളം യുവാവിന്റെ തലയിലൂടെ ഒഴിക്കുകയായിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിച്ചില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ഒഡിഷ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ആക്രമണത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ഒഡിഷ കോൺഗ്രസ് നേതാവ് അമിയ പാണ്ഡവ് ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുവിന്റെ പേരിൽ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾ വേട്ടയാടപ്പെടുന്നതിന്റെ തുടർച്ചയായാണ് കലഹണ്ടിയിലെ സംഭവത്തെയും മനുഷ്യാവകാശ പ്രവർത്തകർ കാണുന്നത്.

Tags:    
News Summary - Dalit youth assaulted by cow vigilantes over beef cooking allegations; paraded with slipper garland and drenched in cow dung water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.