ആംബുലൻസ് വരാൻ വിസമ്മതിച്ചു; ദലിത് യുവതി റോഡരികിൽ കുഞ്ഞിന് ജന്മം നൽകി

ഹൈദരാബാദ്: ആംബുലൻസ് കാത്ത് നിന്ന ദലിത് യുവതി വഴിയരികൾ കുഞ്ഞിന് ജന്മം നൽകി. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം. തുളസിപേട്ട് ഗ്രാമത്തിലെ നിവാസിയായ ഗംഗാമണി എന്ന യുവതിയാണ് റോഡിൽ കുഞ്ഞിന് ജന്മം നൽകിയത്. കുടുംബം ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും ആദ്യം ഇന്ധനമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഗ്രാമത്തിലേക്ക് റോഡ് ഗതാഗതസംവിധാനം ഇല്ലാത്തതിനാൽ യുവതിയെ ചുമലിൽ എടുത്ത് കുടുംബം അരുവിക്ക് അക്കരെ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ആംബുലൻസ് വിളിക്കുന്നത്. ഇന്ധനമില്ലെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പണം അയക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ വരാൻ വിസമ്മതിക്കുകയായിരുന്നു. എന്നാൽ വേദന അധികരിച്ചതോടെ യുവതി റോഡരികിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സംഭവ സ്ഥലത്തെത്തിയ ആംബുലൻസിലെ ജീവനക്കാർ യുവതിക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നൽകിയ ശേഷം പേമ്പി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അതേസമയം യുവതിയുടെ പ്രസവ തീയതി സെപ്തംബർ 22നായിരുന്നുവെന്നും ഗർഭിണികളെ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റുകയെന്നും ഗംഗാമണിയുടേത് വളരെ നേരത്തെയായെന്നുമാണ് വിഷയത്തിൽ നിർമൽ ജില്ലാ കലക്ടർ വരുൺ റെഡ്ഡിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.