ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൂര്യപേട്ട് ജില്ലയിലെ മാമില്ലഗദ്ദയിൽ നിന്നുള്ള ബണ്ടി എന്ന വഡ്‌കൊണ്ട കൃഷ്ണയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ മരണം ദുരഭിമാനക്കൊലയാണെന്നാണ് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിക്കുന്നത്.
തെലങ്കാനയിലെ ഗൗഡ് എന്ന താഴ്ന്ന ജാതിയിലുള്ള ഭാർഗവി എന്ന പെൺകുട്ടിയെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് കൃഷ്ണ വിവാഹം കഴിച്ചത്. കല്യാണം കഴഞ്ഞത്തിനു ശേഷവും ഭാര്യയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തിൽ വളരെയധികം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിർപ്പാവാം കൊലപാതകത്തിന് കാരണം എന്നാണ് പിതാവ് പറയുന്നത്.
എന്നാൽ ഞായറാഴ്ച വൈകുന്നേരം മഹേഷ് എന്ന സുഹൃത്തിൽ നിന്ന് കൃഷ്ണയ്ക്ക് ഫോൺ വന്നതായും പിന്നാലെ ഫോൺ വീട്ടിൽ വച്ച് കൃഷ്ണ പുറത്തേക്കിറങ്ങിയതായും ഭാര്യ ഭാർഗവി പൊലീസിനോട് പറഞ്ഞു.
നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് അരികിൽ കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകൊണ്ട് അടിച്ചു തകർത്ത നിലയിലായിരുന്നു. കൃഷ്ണയുടെ പേരിൽ ഒരു കേസുള്ളതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.