‘മോന്ത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ആന്ധ്രയുടെ തീര​ത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. 

ഇതേതുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതർ വലിയ തോതിലുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് നാളെ ആന്ധ്രാതീരം കടക്കുന്നതിനാൽ ഇനിവരുന്ന ദിവസങ്ങൾ വളരെ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണ​മെന്നും അറിയിപ്പുണ്ട്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാറുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ സർക്കാർ സജ്ജമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ കാമ്പുകൾ തുറന്നിട്ടുണ്ട്.

Tags:    
News Summary - Cyclone 'Montha': educational institutions in three states closes tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.