മിഗ്ജോം ചുഴലിക്കൊടുങ്കാറ്റിന്‍റെ തീവ്രത കുറഞ്ഞു; നിലവിൽ സഞ്ചാരം ആന്ധ്ര ഗീസുഗോണ്ട പാതയിൽ

അമരാവതി: ചെന്നൈ നഗരത്തിലടക്കം വൻ നാശം വിതച്ച മിഗ്ജോം ചുഴലിക്കൊടുങ്കാറ്റിന്‍റെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ആന്ധ്രയിലെ വാറങ്കൽ ജില്ലയിലെ ഗീസുഗോണ്ട ലക്ഷ്യമാക്കി ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 2.30നും ഇടയിലാണ് ബാപട്‍ല ജില്ലയിൽ ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടത്. തീരം തൊടുമ്പോൾ 90-100 കിലോമീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. തുടർന്ന് വൈകിട്ടോടെ വേഗത 75 കിലോമീറ്ററായും 65 കിലോമീറ്ററായും കുറഞ്ഞു. ഇന്ന് രാവിലെ അഞ്ചരയോടെ വേഗത വീണ്ടും മണിക്കൂറിൽ 55 കിലോമീറ്ററിലേക്ക് താഴുകയായിരുന്നു. 

അതേസമയം, മധ്യതീര ആന്ധ്രയുടെ മുകളിലുള്ള ശക്തമായ ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങിയിരുന്നു. ഈ ന്യൂനമർദം ഇന്ന് രാവിലെ 17.4 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 80.5 ഡിഗ്രി കിഴക്ക് രേഖാംശത്തിലും കേന്ദ്രീകരിച്ചിട്ടുണ്ട്.

194 ഗ്രാമങ്ങളിലും രണ്ട് ടൗണുകളിലുമായി 40 ലക്ഷം പേരെ ചുഴലിക്കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ചുഴലിയിലും മഴയിലും ആന്ധ്രയിലെ നെല്ലൂർ, പ്രകാശം ജില്ലകളും നിശ്ചലമായി. മേഖലയിൽ റോഡുകൾ തകരുകയും ജലാശയങ്ങൾ കരകവിയുകയും ചെയ്തിട്ടുണ്ട്. വൻ കൃഷിനാശവുമുണ്ടായി. ദുരന്തബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഉന്നത ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ചുഴലിക്കൊടുങ്കാറ്റിന്‍റെ ഫലമായി വ്യാപക മഴ മുന്നറിയിപ്പുണ്ടായതിന്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലും ഒഡിഷയിലും ജാഗ്രത നിർദേശമുണ്ട്.

ചുഴലിക്കൊടുങ്കാറ്റ് സഞ്ചാരപാത കാണാൻ

Tags:    
News Summary - Cyclone Michaung weakens into Depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.