കട്ടക്/ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ കഴിഞ്ഞ ദിവസം ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് അയവില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്പി.) ഞായറാഴ്ച വൈകീട്ട് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പൊലീസ് ഘോഷയാത്ര തടഞ്ഞതിനെത്തുടർന്ന് ഗൗരിശങ്കർ പാർക്ക് പ്രദേശത്തെ കടകൾക്ക് തീയിട്ടതായും വഴിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബിദ്യാധർപൂരിൽനിന്ന് ആരംഭിച്ച വി.എച്ച്.പി റാലി കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ദർഗ ബസാർ പ്രദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് നിയമം ലംഘിച്ച് പര്യടനം നടത്തിയത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു റാലി.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ കട്ടക് മുനിസിപ്പൽ കോർപറേഷൻ, കട്ടക് വികസന അതോറിറ്റി (സി.ഡി.എ), തൊട്ടടുത്തുള്ള 42 മൗസ മേഖല എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
അക്രമം തുടരുന്നതിനിടെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സാമുദായിക ഐക്യം നിലനിർത്താൻ അഭ്യർഥിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.