നോട്ട് അസാധുവാക്കല്‍: തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം

ചെന്നൈ: നോട്ട് അസാധുവാക്കിയതിനെതിരെ രാജ്യമെങ്ങും നടന്ന സംയുക്ത സമരത്തിനൊപ്പം തമിഴ്നാട്ടിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ വേറിട്ടുനിന്നാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധം സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചില്ല.

സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചു. കടകളടച്ചില്ല. വാഹന ഗതാഗതം തടസ്സപ്പെട്ടില്ല. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനെയും നിരവധി എം.എല്‍.എമാരെയും ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.
അണ്ണാശാലയിലെ ഹെഡ് പോസ്റ്റ്ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ ടി.എന്‍.സി.സി പ്രസിഡന്‍റ് എസ്. തിരുനാവക്കരശര്‍ ഉദ്ഘാടനം ചെയ്തു.

ഇടതുപാര്‍ട്ടികള്‍, വിടുതലൈ ചിറുതൈകള്‍ കക്ഷി, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നുങ്കമ്പാക്കം എസ്.ബി.ഐ റീജനല്‍ ഓഫിസിനുമുന്നില്‍ റോഡ് ഉപരോധിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരസന്‍, സി.പി.ഐ.എം.എല്‍ സെക്രട്ടറി എസ്. കുമാരസാമി, എസ്.യു.സി.ഐ സെക്രട്ടറി എ. രംഗസാമി, വി.സി.കെ നേതാവ് ഡി. രവികുമാര്‍, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ നേതാവ് ടി. വെള്ളയ്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് മുഖ്യമന്ത്രി വി. നാരായണ സ്വാമി നേതൃത്വം നല്‍കി.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.