കറന്‍സി നിരോധനത്തിന് ശേഷവും കള്ളപ്പണം വെളുപ്പിക്കുന്നു

ന്യൂഡല്‍ഹി: കള്ളപ്പണം തടയാനായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷവും രാജ്യത്ത് കള്ളപ്പണക്കാര്‍  വലിയ തോതില്‍  നോട്ടുമാറ്റുന്നുണ്ടെന്ന് ധനമന്ത്രാലയം കണ്ടത്തെി. ഒരു ലക്ഷത്തിന് 40,000 രൂപയെന്ന തോതില്‍വരെ കമീഷന്‍ നല്‍കിയാണ് ചില കേന്ദ്രങ്ങള്‍ ബാങ്കുകളുടെ സഹായത്തോടെ നികുതിയടക്കാത്ത പഴയ നോട്ടുകള്‍  പുതിയ കറന്‍സിയാക്കി മാറ്റുന്നതെന്നും ധനമന്ത്രാലയം വെളിപ്പെടുത്തി. കള്ളപ്പണക്കാരുടെ പണമിടപാടുകള്‍ തടയാന്‍ കഴിയാത്തതിനാലാണ്,  കൈവശമുള്ള പണം നികുതിയടച്ച് നിയമവിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നിയമനിര്‍മാണമടക്കമുള്ള നടപടികളെന്നും ധനമന്ത്രാലയം അറിയിച്ചു.

നവംബര്‍ എട്ടിലെ കറന്‍സി നിരോധനത്തിന് ശേഷം ബാങ്കുകളും ഇടനിലക്കാരും  ചേര്‍ന്ന് നികുതിയടക്കാത്ത 500, 1000 രൂപ കറന്‍സികള്‍ വ്യാപകമായ തോതില്‍ മാറ്റിക്കൊടുക്കുന്നുണ്ടെന്ന വിവരമാണ് ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. 25 ശതമാനം വരെ കമീഷന്‍ വാങ്ങി ലക്ഷങ്ങളുടെ പഴയ നോട്ടുകള്‍ ഈ തരത്തില്‍ മാറ്റിക്കൊടുക്കുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതില്‍ 10 ശതമാനം ബാങ്ക് ജീവനക്കാര്‍ക്കും 15 ശതമാനം ഇടനിലക്കാര്‍ക്കുമാണ് വീതിക്കപ്പെടുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍, ബാങ്ക് കൗണ്ടറുകളില്‍ നോട്ടുമാറ്റത്തിന്‍െറ കാലാവധി തീര്‍ന്നതോടെ പണം മാറ്റി നല്‍കാന്‍ ഇടനിലക്കാര്‍ 40 ശതമാനം വരെ ഈടാക്കുന്നുവെന്നാണ് ധനമന്ത്രാലയം ഇപ്പോള്‍ പറയുന്നത്.

ഈയൊരു സാഹചര്യത്തിലാണ് കൈവശമുള്ള നികുതിയടക്കാത്ത പണത്തിന്‍െറ 50 ശതമാനം സര്‍ക്കാറിന് നികുതിയായി നല്‍കി ബാക്കി 50 ശതമാനം രണ്ടു ഘട്ടങ്ങളിലായി തിരിച്ചുനല്‍കുന്ന പദ്ധതി ആവിഷ്കരിച്ചതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ഇതിനുള്ള ബില്ലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചത്. തിരിച്ച് നല്‍കുന്ന 50 ശതമാനം പണത്തിന്‍െറ 25 ശതമാനം ഉടന്‍ തിരിച്ച് നല്‍കുകയും അവശേഷിക്കുന്ന 25 ശതമാനം സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടായി പിടിച്ചുവെച്ച് നാലുവര്‍ഷത്തിന് ശേഷം തിരിച്ചുകൊടുക്കാനുമാണ് നിയമനിര്‍മാണം ലക്ഷ്യം വെക്കുന്നത്.

കൈയിലുള്ള നികുതിയടക്കാത്ത പണത്തിന്‍െറ 40 ശതമാനം കമീഷനായി വിട്ടുകൊടുത്ത് അവശേഷിക്കുന്ന 60 ശതമാനം വീണ്ടും കള്ളപ്പണമായി കൈവശം വെക്കുന്നതിനേക്കാള്‍ നല്ലത് 50 ശതമാനം നികുതിയടച്ച് 50 ശതമാനം നേരത്തെ പറഞ്ഞ രീതിയില്‍ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് ആളുകള്‍ തിരിച്ചറിയുമെന്ന് ധനമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം വെളുപ്പിക്കാനായി നിക്ഷേപിച്ചിട്ടുണ്ടെന്നും ഏകദേശം 30,000 കോടി രൂപ  ഈ തരത്തില്‍ കണ്ടത്തെിയെന്നും മന്ത്രാലയം തുടര്‍ന്നു. രാഷ്ട്രീയ നേതാക്കളോ സമൂഹത്തില്‍ സ്വീകാര്യതയുള്ള പ്രമുഖന്മാരോ ആയിരിക്കും ഈ തരത്തില്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ നികുതിയടക്കാത്ത കറന്‍സി നിക്ഷേപിച്ചിരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. വ്യവസായികള്‍ ആ തരത്തില്‍ പണം കൈവിട്ടു കളിക്കില്ളെന്നും സര്‍ക്കാര്‍ കരുതുന്നു. നികുതിയടക്കുന്ന കാര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള മനോഭാവമാണ് അസാധുവാക്കിയ നോട്ടുകള്‍ നികുതിയടക്കാന്‍ അനുവദിച്ചപ്പോള്‍ പുറത്തുവന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഹൈദരാബാദിലെ നികുതി വരുമാനത്തിലുണ്ടായ വന്‍വര്‍ധന ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.