രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റിനെ’തിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഔദ്യോഗിക വാദങ്ങളെല്ലാം 'പച്ചക്കള്ളം' ആണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഇതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പുതിയ രാഷ്ട്രീയ പോരിന് കളമൊരുങ്ങി.
ദ്വീപ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 'ഞാൻ ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ദിര പോയിന്റ് സന്ദർശിച്ചു. നൂറ്റാണ്ടുകളായി നിലകൊള്ളുന്ന മരങ്ങൾക്കിടയിലൂടെ നടന്നു, ലോകത്തിലെ ഏറ്റവും സജീവമായ പവിഴപ്പുറ്റുകളിലേക്ക് ഊളിയിട്ടു, അവിടെയുള്ള മനുഷ്യരുമായി സംസാരിച്ചു,' എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്.
ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു ട്രാൻഷിപ്‌മെന്റ് പോർട്ടിന് വേണ്ടിയോ ഉള്ളതല്ലെന്ന് രാഹുൽ ആരോപിച്ചു.'ഒരു പ്രമുഖ വ്യവസായിക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും വിലപ്പെട്ട പരിസ്ഥിതി ഭൂമിയിൽ ഹോട്ടലുകളും കാസിനോകളും നിർമിക്കാനാണ് ഈ നീക്കം. ലാഭത്തിന് വേണ്ടി ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത പ്രകൃതിയെ നശിപ്പിക്കരുതെന്ന് ഇന്ത്യയിലെ ഓരോ യുവാക്കൾക്കും അറിയാം', രാഹുൽ പറഞ്ഞു.
രാജ്യസുരക്ഷയാണ് ലക്ഷ്യമെങ്കിൽ അവിടുത്തെ നാവികസേനാ താവളമായ 'ഐ.എൻ.എസ് ബാസ്' വികസിപ്പിക്കുകയാണ് വേണ്ടത്. നാവികസേന അഞ്ച് വർഷമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ അത് അവഗണിക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.ട്രാൻഷിപ്‌മെന്റ് പോർട്ടിന്റെ പേര് പറഞ്ഞാണ് സർക്കാർ ഇതിനെ ന്യായീകരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഇതിനകം തന്നെ പ്രധാന കരയോട് ചേർന്ന് കേരളത്തിൽ ഒരു ട്രാൻഷിപ്‌മെന്റ് പോർട്ട് നിർമിക്കുന്നുണ്ടെന്നും രാഹുൽ ഓർമിപ്പിച്ചു.
ഈ പദ്ധതി വഴി ഒന്നരക്കോടി മരങ്ങൾ വെട്ടിനശിപ്പിക്കപ്പെടുമെന്നും, പവിഴപ്പുറ്റുകൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും, മുൻ സൈനികരും ആദിവാസികളും ഉൾപ്പെടുന്ന ജനവിഭാഗങ്ങൾ വനനിയമങ്ങൾ ലംഘിച്ചുകൊണ്ട് കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വളർച്ചയിലും ആഗോളതലത്തിലുള്ള സ്വാധീനത്തിലും രാഹുൽ ഗാന്ധി അസ്വസ്ഥനാണെന്ന് ബി.ജെ.പി ദേശീയ വക്താവ് തുഹിൻ സിൻഹ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്ക് ഇന്ത്യയേക്കാൾ മറ്റ് വിദേശ രാജ്യങ്ങൾ ശക്തരാകുന്നതിനോടാണ് താൽപര്യമെന്നും അദ്ദേഹം പരിഹസിച്ചു.
'1970കളിൽ കോൺഗ്രസ് തന്നെ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, ഇത്തരം ഭാവി മുൻകൂട്ടിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ അത് ഞങ്ങളുടെ തെറ്റല്ല. ഈ പദ്ധതിയിലൂടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യയുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ 400 കിലോമീറ്റർ കൂടി തെക്കോട്ട് വ്യാപിക്കും,' ബി.ജെ.പി വക്താവ് വ്യക്തമാക്കി.ആഗോള സമുദ്ര വ്യാപാരത്തിന്റെ 30 ശതമാനവും നടക്കുന്ന 'മലാക്ക കടലിടുക്കിന്' വെറും 75-80 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രോജക്റ്റ് വരുന്നത്. അതുകൊണ്ട് തന്നെ ഇതിന് വൻ വാണിജ്യ-തന്ത്രപ്രധാന പ്രാധാന്യമുണ്ടെന്നും ബി.ജെ.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.