മേൽത്തട്ട്; പുനഃപരിശോധന ഹരജി നൽകുമെന്ന് ആദിവാസി-ദലിത് സംഘടനകൾ
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ സംവരണത്തിനും മേൽത്തട്ട് ബാധകമാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തിനെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ദലിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് ചെയർമാൻ അശോക് ഭാരതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കോടതിയുടെ നിരീക്ഷണം സാമൂഹിക യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. സുപ്രീംകോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് രാജ്യവ്യാപക പ്രതിഷേധത്തിനും സംഘടനകൾ ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ജാതി വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നും പട്ടികജാതി-പട്ടികവർഗക്കാരുടെ അവസ്ഥ മനസ്സിലാക്കാൻ ഒരു കമീഷനെ നിയമിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ആദിവാസികളുടെ ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് മോദി സർക്കാർ സംസാരിക്കുന്നത്. എന്നാൽ, എസ്.സി, എസ്.ടി, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളോട് വിവേചനം തുടരുകയാണ്. ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്രം യഥാർഥത്തിൽ സവർണ രാഷ്ട്രമാണ്. അത് അധഃസ്ഥിതരോട് നീതി പുലർത്തുന്നില്ലെന്നും ഭാരതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.