ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാംസ്ഥാനത്ത്. റഷ്യ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ളത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 2,97,205 ആയി.
ജൂൺ ഒന്നുമുതൽ ദിനംപ്രതി 10,000ത്തിനോട് അടുത്താണ് രോഗികളുടെ എണ്ണം. പത്തുദിവസത്തിനകം 90,000ത്തിലേറെ രോഗികളുടെ വർധന. വ്യാഴാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 9996 പുതിയ രോഗികളും 357 മരണവുമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്.
രോഗികളുടെ എണ്ണത്തിൽ കുതിക്കുകയാണെങ്കിലും മരണനിരക്ക് ആഗോളതലത്തിൽ ഏറ്റവും കുറവാണ് ഇന്ത്യയിൽ, 2.8 ശതമാനം. ലക്ഷം ജനസംഖ്യയിൽ 0.59 ആണ് മരണനിരക്കെന്ന് ഐ.സി.എം.ആർ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് രോഗികൾ, മറ്റുരാജ്യങ്ങളിലേതിനേക്കാൾ പ്രായം കുറഞ്ഞവരായതുകൊണ്ടാണ് മരണനിരക്ക് കുറഞ്ഞത് എന്നാണ് നിഗമനം.
രോഗമുക്തരുടെ എണ്ണം വ്യാഴാഴ്ചയും രോഗികളുടെ എണ്ണത്തെ മറികടന്നു. 1.37 ലക്ഷം രോഗികളും 1.41 ലക്ഷം രോഗമുക്തരുമാണ്. എന്നാൽ, ഇത് രോഗവ്യാപനം കുറയുന്നതിെൻറ സൂചനയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗം കണ്ടെത്തിയശേഷം രാജ്യത്ത് 50 ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റാണ് നടത്തിയത്, ഇപ്പോൾ ദിവസം 1.5 ലക്ഷം ടെസ്റ്റ്.
കോവിഡ് വ്യാപനം ശക്തമാകും
അതിനിടെ, രാജ്യത്ത് വലിയ വിഭാഗം ജനങ്ങൾക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) മുന്നറിയിപ്പ് നൽകി. രോഗബാധ മാസങ്ങൾ നീളും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് 83 ജില്ലകളിലെ 26,400 പേരിൽ നടത്തിയ സീറോ സർവേ വിവരം വെളിപ്പെടുത്തി ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രാജ്യത്ത് സമൂഹവ്യാപനമില്ല. ലോക്ഡൗണും കണ്ടെയിൻമെൻറ് നടപടിയും ദ്രുതവ്യാപനം കുറക്കാൻ സഹായിച്ചു. ശാരീരിക അകലം, മാസ്ക്, കൈകഴുകൽ തുടങ്ങിയ കരുതൽ തുടരണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനയും നിരീക്ഷണവും അടക്കമുള്ള രോഗനിർണയ- നിയന്ത്രണ സംവിധാനത്തിൽ അലംഭാവം പാടില്ല. സംസ്ഥാനങ്ങൾ കർശന നിയന്ത്രണം തുടർന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
എന്നാൽ, ജനസംഖ്യാനുപാതികമായി നോക്കിയാൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടേത് ഏറ്റവും കുറഞ്ഞ നിരക്കാണ്. കണ്ടെയിൻമെൻറ് മേഖല ഒഴിച്ചുള്ള ജില്ലകളിൽ നടത്തിയ സർവേയിൽ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെ (0.73) പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. സമൂഹവ്യാപനമുണ്ടോ എന്നറിയാനാണ് രോഗലക്ഷണമില്ലാത്തവരിലടക്കം ആൻറിബോഡി പരിശോധനയിലൂടെ സർവേ നടത്തിയത്. മേയിൽ തുടങ്ങിയ സർവേയുടെ രണ്ടാം ഘട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.