കടപ്പാട്​: https://www.newindianexpress.com

കുട്ടികളിലും കോവിഡ്​ ബാധ കൂടുന്നു; ലക്ഷണം കാണിക്കാതെ രോഗവാഹകരായേക്കാമെന്ന്​

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വിറപ്പിക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രായത്തിലുള്ളവരും ജാഗ്രതയിലാണ്​. ആദ്യ വരവിൽ കോവിഡ്​ പ്രായമായവരെയാണ്​ ഏറ്റവും കൂടുതലായി ബാധിച്ചിരുന്നതെങ്കിൽ രണ്ടാം വരവിൽ അത്​ ഏത്​ പ്രായക്കാരെയും രോഗിയാക്കുന്ന കാഴ്ചയാണ്​. മുൻഗാമിയെ അപേക്ഷിച്ച്​ വകഭേദം സംഭവിച്ച കോറോണ വൈറസ്​ കാരണം​ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുകയാണ്​.

രണ്ടാം തരംഗത്തിൽ 25 മുതൽ 45 വയസിനിടയിൽ പ്രായമുള്ളവരെയാണ്​ ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും കുട്ടികളിൽ രോഗബാധ റിപ്പോർട്ട്​ ചെയ്യുന്നത്​ വർധിച്ചിട്ടുണ്ടെന്നും പ്രശസ്​ത ശിശുരോഗ വിദഗ്​ധനായ ഡേ. മഹേഷ്​ ഹിരണന്ദനി പറഞ്ഞു.

'ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൊത്തം കോവിഡ് കേസുകളിൽ 8.5 ശതമാനവും 10 വയസിന് താഴെയുള്ള കുട്ടികളാണ്. 300 കോടിയാളുകളെ രോഗം ബാധിക്കുമെന്നാണ്​ ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്​. ആദ്യ തരംഗത്തിൽ ചുമ, തൊണ്ടവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുമായായിരുന്നു കുട്ടികൾ വന്നത്​. എന്നാൽ രണ്ടാം തരംഗത്തിൽ വയറിളക്കം, ചർദ്ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ്​ കാണിക്കുന്നത്​. കുട്ടികൾ‌ രോഗം വീട്ടിലെ മറ്റുള്ളവർക്ക്​ പകർന്ന്​ നൽകാൻ സാധ്യതയുണ്ട്. അതിനാൽ‌ അവർ‌ എല്ലാ കോവിഡ്​ ചട്ടങ്ങളും കണിശമായി പാലിക്കേണ്ടതുണ്ട്. മാസ്ക്​ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വിസമ്മതിക്കുന്നതിനാലും റാലികളും മതപരമായ ചടങ്ങുകളും നടത്തുന്നതിനാലു​മാണ്​​ രോഗബാധ ഇത്ര കണ്ട്​ ഉയരുന്നത്​. രോഗബാധിതരിൽ തന്നെ വീണ്ടും രോഗം ബാധിക്കാൻ ഇത്​ ഇടയാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സൂപ്പർ സ്പ്രെഡർ ആകില്ലെന്നും നാം ഉറപ്പാക്കണം'- അദ്ദേഹം പറഞ്ഞു.

കോവിഡ്​ ബാധയുടെ രൂക്ഷത പരിശോധിക്കു​േമ്പാൾ കുട്ടികൾക്കിടയിൽ മരണനിരക്ക്​ കുറവാണെന്ന്​ പി.ജി.ഐയിലെ പീഡിയാട്രിക്​ വിഭാഗം തലവനായ പ്രഫ. സുർജിത്​ സിങ്​ ചൂണ്ടിക്കാണിക്കുന്നു. 10 ദിവസത്തിനിടെ 12 വയസു വരെ പ്രായമുള്ള 8 മുതൽ12 വരെ കുട്ടികളെ കോവിഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്​ കണക്കുകൾ. ഈ കുട്ടികളുടെ കൂടെ മാനസിക പിന്തുണ നൽകാനായി രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്നുണ്ട്​.

ഉയർന്ന ഓക്സിജനും വെൻറിലേഷനും ആവശ്യമുള്ള കുട്ടികൾക്ക് സ്റ്റിറോയ്​ഡുകൾ, റെംഡെസിവിർ, ടോസിലിസുമാബ്, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ ഡോസ് അഡ്ജസ്റ്റ്മെൻറുകൾ അനുസരിച്ച് നൽകുന്നു. കുട്ടികളിൽ രോഗമുക്തിനിരക്ക്​ മികച്ചതാണെന്നും ഡോക്​ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 2.73 ലക്ഷം കടന്ന്​ കുതിക്കുകയാണ്​. രാജ്യത്ത്​ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.5 കോടിയായി ഉയർന്നു.

Tags:    
News Summary - covid cases rising among childrens too can be asymptomatic carriers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.