ന്യൂഡൽഹി: കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തേക്കാൾ തീവ്രത കുറവായിരിക്കും ഒമിക്രോണിനെന്ന് ആരോഗ്യവിദഗ്ധർ. പല രോഗികൾക്കും പനി പോലും ഉണ്ടായില്ലെന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടറായ ഡോ.മനോജ് ശർമ്മ പറഞ്ഞു. ഒമിക്രോൺ രോഗികളെ ചികിത്സിച്ച രണ്ട് ഡോക്ടർമാരാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
ഡെൽറ്റയേക്കാളും തീവ്രത കുറവായിരിക്കും ഒമിക്രോണിന്. ജലദോഷം മാത്രമാണ് പല രോഗികൾക്കും അനുഭവപ്പെട്ടത്. പലർക്കും പനി പോലും ഉണ്ടായിരുന്നില്ല. എങ്കിലും ഒമിക്രോൺ ലക്ഷണങ്ങളെ കുറിച്ച് ഇപ്പോൾ നിഗമനങ്ങളിലെത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള വിവരങ്ങളനുസരിച്ച് ഒമിക്രോൺ തീവ്രമാകില്ലെന്നാണ് സൂചന. എന്നാൽ, പ്രായമായവരിൽ രോഗം പടർന്നാൽ മാത്രമേ ഇതിന്‍റെ തീവ്രത സംബന്ധിച്ച് കൂടുതൽ നിഗമനങ്ങളിലേക്ക് എത്താനാവു.
ഒമിക്രോൺ രോഗികൾക്ക് പനിയുണ്ടെങ്കിൽ പാരസെറ്റാമോൾ ടാബ്ലെറ്റ് മാത്രമാണ് നൽകുന്നത്. ഇതുവരെ 34 ഒമിക്രോൺ രോഗികളെ ചികിത്സിച്ചിട്ടുണ്ട്. അതിൽ ഭൂരിക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം ചെറിയ രീതിയിൽ പനിയുണ്ടായിരുന്നു. ഒരാൾക്ക് ശരീരവേദനയുണ്ടായിരുന്നു. മറ്റുള്ളവർക്കെല്ലം ജലദോഷത്തിന്‍റെ ലക്ഷണങ്ങൾ മാത്രമായിരുന്നുവെന്ന് എൽ.എൻ.ജി.പി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, ഒമിക്രോണിനെതിരെ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ആവശ്യമെങ്കിൽ രാത്രി കർഫ്യു ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. ലോകരോഗ്യസംഘടനയും ഒമിക്രോണിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.